ചിക്കാഗോയില്‍ ആശുപത്രിക്ക് സമീപം വെടിവെപ്പ്; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


20, October, 2026
Updated on 20, October, 2026 7


ചിക്കാഗോ: യുഎസിലെ ചിക്കാഗോ ലൊറെറ്റോ ആശുപത്രിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ലൊറെറ്റോ ആശുപത്രിക്ക് സമീപം വെടിവെപ്പുണ്ടായതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. വെടിയേറ്റ ഒരാളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ നാല് പേരും പിന്നീട് പ്രദേശത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പരിക്കേറ്റവരില്‍ 45 വയസുകാരന്റെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി.സൗത്ത് സെന്‍ട്രല്‍ അവന്യൂവിലെ 600-ാം ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന 45 വയസുകാരന്റെ സമീപത്തേക്ക് എസ്യുവിയില്‍ എത്തിയ അജ്ഞാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നിലധികം തവണ വെടിയേറ്റ ഇയാളെ മൗണ്ട് സിനായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണം നടത്തിയ വ്യക്തിയെക്കുറിച്ചോ വെടിവെപ്പിന് പിന്നിലെ കാരണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വെടിവെയ്പ്പിനു പിന്നാലെ പരിക്കേറ്റ മറ്റ് മൂന്ന് പേരും സ്വയം ആശുപത്രികളിലെത്തി ചികിത്സ തേടുകയായിരുന്നു. 39 വയസുകാരിയായ സ്ത്രീയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇവര്‍ ലൊറെറ്റോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഇവര്‍ക്ക് എങ്ങനെ പരിക്കേറ്റുവെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.30 വയസകാരനായ മറ്റൊരു പുരുഷന് കഴുത്തിലും ഇടത് തോളിലുമാണ് വെടിയേറ്റത്. ഇയാളും സ്വയം ലൊറെറ്റോ ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ പരിക്കേറ്റ നാലാമത്തെ വ്യക്തിയായ 28 വയസ്സുകാരന്‍ മുഖത്ത് രണ്ട് വെടിയേറ്റ മുറിവുകളുമായാണ് സ്‌ട്രോജര്‍ ആശുപത്രിയില്‍ എത്തിയത്. ഇയാളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി.വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിന് പിന്നിലെ കാരണങ്ങളും കണ്ടെത്തുന്നതിനായി ചിക്കാഗോ പൊലീസിന്റെ ഏരിയ ഫോര്‍ ഡിറ്റക്ടീവ്‌സ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.




















Feedback and suggestions