20, October, 2026
Updated on 20, October, 2026 7
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചില്‍ ഫെഡറല്‍ കുടിയേറ്റ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ യുഎസ് പൗരന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന-പ്രാദേശിക അധികൃതര്‍ രംഗത്ത്. കഴിഞ്ഞ ആഴ്ച്ച അവസാനം നടന്ന സംഭവത്തിനിടെ ഒരാളെ റോഡരികിലെ തറയിലേക്ക് അമര്‍ത്തിപ്പിടിച്ച് നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് വിവാദം ശക്തമായത്. കസ്റ്റഡിയിലിരിക്കെ സഹായത്തിനായി നിലവിളിക്കുന്നതും കൈ ഒടിഞ്ഞതായി ആവര്‍ത്തിച്ച് പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് പ്രതിനിധി റോബര്‍ട്ട് ഗാര്‍സിയ സംഭവത്തെ അതീവ ആശങ്കാജനകമെന്ന് വിശേഷിപ്പിച്ചു. പരിക്കേറ്റയാള്‍ അമേരിക്കന്‍ പൗരനാണെന്നും അദ്ദേഹം വ്യക്തമാക്കി.ലോംഗ് ബീച്ച് മേയര്‍ റെക്സ് റിച്ചാര്ഡ്സണ് തിങ്കളാഴ്ച യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് ഔദ്യോഗിക പരാതി നല്കി. ശനിയാഴ്ച നടന്ന സംഭവത്തിനിടെ റിക്കാര്‍ഡോ ഗോണ്‍സാലസ് എന്നയാള്‍ക്ക് ആവര്‍ത്തിച്ച് ടേസര്‍ പ്രയോഗമേറ്റതായും ബലമായി കീഴ്പ്പെടുത്തിയതായും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചതായും പരാതിയില്‍ പറയുന്നു. ലോംഗ ബീച്ച് നിവാസിയും ഒരു കുട്ടിയുടെ പിതാവും നഗരസഭയിലെ മുന്‍ ജീവനക്കാരനുമാണ് ഗോണ്സാലസെന്ന് മേയര്‍ അറിയിച്ചു. ഫെഡറല്‍ കുടിയേറ്റ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍ പരാതി സമര്‍പ്പിച്ചത്.സംഭവ സ്ഥലത്തെത്തിയ ലോംഗ് ബീച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വലിയൊരു സംഘര്‍ഷാവസ്ഥയാണ് കണ്ടതെന്ന് പൊലീസ് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഐസിഇ കൈവിലങ്ങിട്ട നിലയില്‍ രക്തം വാര്‍ന്നുകൊണ്ടിരുന്ന ഗോണ്‍സാലസിനെയാണ് പൊലീസ് കണ്ടത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഗോണ്‍സാലസ് സഹായത്തിനായി നിലവിളിക്കുന്നതും വേദനകൊണ്ട് ഞരങ്ങുന്നതും കാണാം. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപത്തെ അഗ്നിരക്ഷാ നിലയത്തിലേക്ക് കൊണ്ടുപോയി കൈവിലങ്ങുകള്‍ നീക്കിയശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അദ്ദേഹത്തിന് സംഭവിച്ച കൃത്യമായ പരിക്കുകള്‍ എന്തൊക്കെയാണെന്നോ ഐസിഇ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കാന്‍ ഇടയായ സാഹചര്യം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.ഫെഡറല്‍ കുടിയേറ്റ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ സഹായം തേടി ഗോണ്‍സാലസ് ലോംഗ ബീച്ച് പൊലീസിനെ ബന്ധപ്പെട്ടിരുന്നതായി മേയറുടെ പരാതിയില്‍ പറയുന്നു. വാഹനങ്ങള്‍ നശിപ്പിക്കുന്ന സംഭവവും വൈദ്യസഹായം ആവശ്യമായ ഒരാളും ഉണ്ടെന്നറിയിച്ച് ഐസിഇ ഉദ്യോഗസ്ഥര്‍ പ്രാദേശിക അധികൃതരോട് അടിയന്തര സഹായം തേടിയതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് പൊലീസ് വകുപ്പ് വ്യക്തമാക്കി. കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്ന നടപടികളില്‍ ലോംബീച്ച് പൊലീസ് പങ്കെടുത്തിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.യുഎസ് ജനപ്രതിനിധിസഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമായ റോബര്‍ട്ട് ഗാര്‍സിയയും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. ഗോണ്‍സാലസ് തെറ്റായ എന്തെങ്കിലും പ്രവര്‍ത്തനം നടത്തിയെന്നതിന് പരസ്യമായ വിവരങ്ങളൊന്നുമില്ലെന്നും പൊലീസില്‍നിന്ന് അത്തരം വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഫെഡറല്‍ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും മേയര്‍ റിച്ചാര്‍ഡ്സണും ആവശ്യപ്പെട്ടു.