തിരംഗമാർച്ചിന് അനുമതി നിഷേധിച്ചില്ല; നിയന്ത്രണങ്ങളുമായി ഡൽഹി ഹൈക്കോടതി, ഇന്ന് കൊണാട്ട് പ്ലേസിൽ പ്രതിഷേധം


16, October, 2026
Updated on 16, October, 2026 3


ജന്തർമന്തറിൽ ദേശീയപതാക ഉയർത്തിയതിന് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രഖ്യാപിച്ച തിരംഗമാർച്ച് ഇന്ന് ഡൽഹിയിൽ നടക്കും. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകീട്ട് അഞ്ചിന് ദേശീയപതാകയേന്തി ‘ലെഹ്‌റാ ദോ തിരംഗ’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം പ്രദേശങ്ങളിൽ തിരംഗറാലികൾ നടത്തണമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി മാർച്ച് തടയാൻ വിസമ്മതിച്ചു. അതേസമയം, പ്രതിഷേധം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വസുദേവ് സാംബ്രെ അധ്യക്ഷനായ ബെഞ്ച് പ്രതിഷേധം നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നത്. നവരാത്രി ആഘോഷകാലത്ത് വ്യാപാരകേന്ദ്രമായ കൊണാട്ട് പ്ലേസിൽ പ്രതിഷേധം നടത്തുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയും ഹർജിയിൽ ഉന്നയിച്ചിരുന്നു.


ജന്തർമന്തറിനെ പ്രതിഷേധകേന്ദ്രമല്ലാതാക്കിയ സാഹചര്യത്തിൽ മറ്റെന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഹർജിക്കാരന്റെ ആവശ്യം പരിഗണിക്കവേ കോടതി ചോദിച്ചു. അതേസമയം, സെൻട്രൽ പാർക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ കൊണാട്ട് പ്ലേസിൽ വലിയ സംഘംചേരൽ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്.എന്നാൽ, ഉചിതമായ സ്ഥലത്ത് ചിലരെ ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദേശീയപതാക കൊണ്ടുനടക്കുന്നതും ദേശീയഗാനം ആലപിക്കുന്നതും സംബന്ധിച്ച ചട്ടങ്ങൾ പാലിക്കണം. നിയമലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധം പൂർണമായി തടയാതെ നിയമപരമായ നിയന്ത്രണങ്ങളോടെ നടത്താനുള്ള നടപടികളാണ് നിലവിൽ മുന്നിലുള്ളത്.










Feedback and suggestions