17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ


15, October, 2026
Updated on 15, October, 2026 8




രാജ്യത്ത് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് ശക്തമായ രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കെ, 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്കരണം (സ്പെഷ്യൽ സമ്മറി റിവിഷൻ) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. യോഗ്യരായ എല്ലാ പൗരന്മാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ കൃത്യമായി ഉൾപ്പെടുത്താനും അപാകതകൾ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നിലവിലെ വിവരങ്ങൾ പുതുക്കുന്നതിനുമുള്ള ഔദ്യോഗിക തീയതികളും പ്രക്രിയകളും ഉടൻ തന്നെ അതത് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പുറത്തുവിടും.വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യതയില്ലെന്നും കാണിച്ച് ഇൻഡി മുന്നണി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ ഈ പുതിയ നീക്കം. യോഗ്യരായ ആരുടെയും വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് ഈ പുനഃപരിശോധനയെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം ഇതിൽ ഉണ്ടാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അർഹരായ മുഴുവൻ യുവതിയുവാക്കളെയും പുതിയ വോട്ടർമാരായി പട്ടികയിൽ രജിസ്റ്റർ ചെയ്യിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക ബോധവൽക്കരണ കാമ്പെയ്‌നുകളും കമ്മീഷൻ സംഘടിപ്പിക്കുന്നുണ്ട്.




വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ ഈ പരിഷ്കരണ നടപടി ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരാതികൾ പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈനുകളും ഓൺലൈൻ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് നടപ്പിലാക്കുന്ന ഈ നടപടി രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.


​




Feedback and suggestions