15, October, 2026
Updated on 15, October, 2026 3
ലഡാക്കിൽ 3,350 കോടി രൂപയുടെ അഞ്ച് പ്രധാന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും നാടിന് സമർപ്പിക്കുകയും ചെയ്യും. മേഖലയിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ജലസുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതികൾ. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) നിർമ്മിച്ച 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡാണ്. ഇന്ത്യയുടെ അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായാണ് ഈ പാത വിലയിരുത്തപ്പെടുന്നത്.ലഡാക്കിലേക്ക് കണക്റ്റിവിറ്റി നൽകുന്ന മൂന്നാമത്തെ പ്രധാന തന്ത്രപ്രധാന പാതയാണിത്. മനാലി-ലേ, ശ്രീനഗർ-ലേ എന്നീ റോഡുകളെ അപേക്ഷിച്ച് ദൈർഘ്യം കുറഞ്ഞതും സുരക്ഷിതവുമായ ഈ വഴിയിലൂടെ അതിർത്തിയിലേക്ക് സൈനിക സാമഗ്രികളും ആയുധങ്ങളും വേഗത്തിൽ എത്തിക്കാൻ സൈന്യത്തിന് സാധിക്കും. മഞ്ഞു വീഴ്ച കാരണം വർഷത്തിൽ ഭൂരിഭാഗം മാസങ്ങളിലും അടച്ചിടേണ്ടി വരുന്ന മറ്റ് റോഡുകളിൽ നിന്ന് വ്യത്യസ്തമായി ഈ പാത ഏറ്റവും കുറഞ്ഞ സമയമേ മഞ്ഞുമൂടി കിടക്കുകയുള്ളൂ. കാർഗിൽ യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യം ലക്ഷ്യമിട്ട ശ്രീനഗർ-ലേ ദേശീയപാതയേക്കാൾ അതിർത്തിയിൽ നിന്ന് കൂടുതൽ സുരക്ഷിതമായ അകലത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാന്റെയും ചൈനയുടെയും നിരീക്ഷണ പരിധിയിൽ പെടാതെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനിക നീക്കം വേഗത്തിലാക്കാൻ ഈ ബദൽ പാത പ്രതിരോധ മന്ത്രാലയത്തിന് വലിയ സഹായമാകും.സൈനിക ആവശ്യങ്ങൾക്ക് പുറമെ ലഡാക്കിലെ സാൻസ്കർ താഴ്വരയിലെ ജനങ്ങളുടെ ജീവിതത്തിലും ഈ റോഡ് വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രദേശവാസികൾക്ക് വർഷം മുഴുവൻ മറ്റ് സംസ്ഥാനങ്ങളുമായി ഗതാഗത സൗകര്യം ലഭിക്കുന്നതിനൊപ്പം പ്രാദേശിക വിനോദസഞ്ചാരത്തിനും സാമ്പത്തിക പുരോഗതിക്കും ഇത് വലിയ ഉണർവ് നൽകും. കഠിനമായ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും അതിജീവിച്ച് അതിവേഗം നിർമ്മാണം പൂർത്തിയാക്കിയ ഈ റോഡ് അതിർത്തിയിലെ രാജ്യ സുരക്ഷയ്ക്ക് പുതിയൊരു വഴിത്തിരിവാണ്.