ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി


17, October, 2026
Updated on 17, October, 2026 10



തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ ജനപ്രിയ സംഗീത സംവിധായകനും ഗായകനുമായ 'തേനിസൈ തെൻട്രൽ' ദേവ (75) അന്തരിച്ചു. ശനിയാഴ്ച (ഒക്ടോബർ 17) രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം പെട്ടെന്നായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവയുടെ വേർപാടിൽ തമിഴ് സിനിമാ ലോകവും ആരാധകരും തീരാദുഃഖത്തിലാണ്.1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് അദ്ദേഹം തമിഴ് സിനിമയിൽ മുൻനിരയിലേക്ക് ഉയർന്നുവന്നത്. ചെന്നൈയുടെ തനത് 'ഗാന' (Gaana) സംഗീത ശാഖയെ മുഖ്യധാര തമിഴ് ചലച്ചിത്ര ഗാനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. നാടൻ പാട്ടുകളുടെ താളവും ഊർജ്ജസ്വലതയും നിറഞ്ഞ ഗാനങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായിരുന്ന അദ്ദേഹം പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ വിജയിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു.തമിഴ് സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ അണ്ണാമലൈ, ബാഷ, ആശൈ, കാതൽ കോട്ടൈ, നേരുക്കു നേർ, നിനൈത്തേൻ വന്ദേയ്, പ്രിയമുദൻ, വാലി, ഖുഷി തുടങ്ങിയവ ദേവയുടെ സംഗീതത്തിൽ പുറത്തുവന്ന പ്രധാന ചിത്രങ്ങളാണ്. തൊണ്ണൂറുകളിൽ സൂപ്പർതാര ചിത്രങ്ങളുടെ വിജയത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ വലിയ പങ്കുവഹിച്ചു. സംഗീത മേഖലയിലെ സമഗ്ര സംഭാവനകൾക്ക് തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'ആശൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. മലയാളത്തിലേക്ക് വന്നാൽ ദി പ്രിൻസ്, ഫാന്റം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ഗാനങ്ങൾ ഒരുക്കി.അദ്ദേഹത്തിന്റെ മകൻ ശ്രീകാന്ത് ദേവയും തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ്. സഹോദരങ്ങളായ സബേഷും മുരളിയും തമിഴ് സിനിമാ സംഗീത മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. ദേവയുടെ സംസ്കാരച്ചടങ്ങുകളെക്കുറിച്ചും ചലച്ചിത്ര ലോകത്തെ പ്രമുഖരുടെ അനുശോചന സന്ദേശങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടേയുള്ളൂ.
























Feedback and suggestions