മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനം; മോദി സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി


16, October, 2026
Updated on 16, October, 2026 12


ഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റൂബിയോ ഡൽഹി സന്ദർശിക്കാതെ മുംബൈയിൽ വെച്ച് ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.


“മിസ്റ്റർ റൂബിയോ തന്റെ ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്. മോദിജി, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാൻ വിശദീകരിക്കേണ്ടെങ്കിൽ താങ്കൾക്കുതന്നെ വിശദീകരിക്കാം,” രാഹുൽ ഗാന്ധി പറഞ്ഞു. ഒക്ടോബർ 19 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുന്നത്.

മുംബൈയും ജാംനഗറുമാണ് അദ്ദേഹം സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുംബൈയിൽ വെച്ചായിരിക്കും റൂബിയോയുമായി കൂടിക്കാഴ്ച നടത്തുക. എന്നാൽ, ഇന്ത്യ ഔദ്യോഗികമായി ഈ വിവരങ്ങൾ പുറത്തുവിടുന്നതിന് മുൻപ് തന്നെ, ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായ സെർജിയോ ഗോറാണ് റൂബിയോയും ജയശങ്കറും തമ്മിൽ മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിമർശനവുമായി രംഗത്തെത്തിയിരുന്നു.





Feedback and suggestions