ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനെ നയിക്കുന്നത് ആരെന്ന് ആര്‍ക്കുമറിയില്ലെന്നു ട്രംപ്


7, October, 2026
Updated on 7, October, 2026 7


വാഷിംഗടണ്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനു ശേഷം ഇറാനെ നയിക്കുന്നത് ആരാണെന്നു ആര്‍ക്കുമറിയില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അവരുടെ പ്രധാനനേതാക്കള്‍ പോയി.രണ്ടാമത്തെ നിരയിലെ നേതാക്കളും പോയി. ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്‌നം രാജ്യം ആരാണ് ഭരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല എന്നതാണെന്നും ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.

എന്നാല്‍ ഇറാന്റെ തീരുമാനമെടുക്കുന്ന സംവിധാനത്തെക്കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ അറിവുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി ഞായറാഴ്ച പ്രതികരിച്ചു. ഇറാന്റെ പ്രതിനിധികള്‍ ആരാണെന്നും രാജ്യത്ത് തീരുമാനങ്ങള്‍ എങ്ങനെയാണ് എടുക്കുന്നതെന്നും വാഷിംഗ്ടണിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പരസ്പരവിരുദ്ധമായ നിലപാടുകളും ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദേശങ്ങളുമാണ് പ്രശ്‌നമെന്നും പത്രസമ്മേളനത്തില്‍ ബഗായി വ്യക്തമാക്കി.

ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്ക-ഇസ്രയേല്‍ യുദ്ധത്തിന്റെ ആദ്യദിവസം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമനേയി പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും പിതാവിനെ കൊലപ്പെടുത്തിയ അതേ ആക്രമണത്തില്‍ പരിക്കേറ്റതിന് ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതിന് പിന്നാലെ ഇറാന്‍ ഇസ്രയേലിനും അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ തിരിച്ചടികള്‍ നടത്തിയിരുന്നു.

ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ ആക്രമണങ്ങളിലും ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ക്ക് വീടുവിട്ട് മാറേണ്ടിവരികയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവിലയും കുത്തനെ ഉയര്‍ന്നു. ഈ വിലക്കയറ്റം നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏത് പാര്‍ട്ടിക്കാകും എന്നതില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.




Feedback and suggestions