സിഐഎ മുതിർന്ന ഉദ്യോഗസ്ഥൻ തട്ടിപ്പ് കേസിൽ കുറ്റസമ്മതം നടത്തി; 194 മില്യൺ ഡോളറിന്റെ ഫെഡറൽ തട്ടിപ്പ്


7, October, 2026
Updated on 7, October, 2026 8



വാഷിങ്റ്റൻ: ഗവൺമെന്റ് പദവിയും ഫണ്ടും ദുരുപയോഗം ചെയ്ത് ഫെഡറൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുകയും വ്യാജ പദ്ധതികളുടെ മറവിൽ വൻ തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥൻ ഡേവിഡ് ജെ. റഷ് വിർജീനിയൻ കോടതിയിൽ കുറ്റസമ്മതം നടത്തി. റഷിന്റെ വ്യാജ പദ്ധതികളും സാമ്പത്തിക തട്ടിപ്പുകളും മൂലം ഫെഡറൽ സർക്കാരിന് ഏകദേശം 194 മില്യൺ ഡോളറിന്റെ (ഏകദേശം 1600 കോടിയോളം രൂപ) നഷ്ടമുണ്ടായതായി യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.അതീവ രഹസ്യ ഗവൺമെന്റ് പദ്ധതി എന്ന പേരിൽ വ്യാജരേഖകളുണ്ടാക്കി തെക്കൻ ഫ്ലോറിഡയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു വിർജീനിയയിലെ ആഷ്‌ബേൺ സ്വദേശിയായ റഷ് (49). പാം ബീച്ച്, ഹോബ് സൗണ്ട് എന്നിവിടങ്ങളിൽ നിർമ്മിച്ച നാല് ആഡംബര വസ്തുവകകൾ പിന്നീട് വ്യക്തിഗത ലാഭത്തിനായി വിറ്റഴിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിക്ക് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെന്ന് സഹപ്രവർത്തകരെയും കരാറുകാരെയും വിശ്വസിപ്പിച്ചാണ് റഷ് കോടികളുടെ തട്ടിപ്പ് നടത്തിയത്.മറ്റൊരു വ്യാജ സെൻസിറ്റീവ് പദ്ധതിയുടെ മറവിൽ സർക്കാരിൽ നിന്ന് 46 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും ഇയാൾ സ്വന്തമാക്കിയിരുന്നു. റഷിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാളുടെ വിർജീനിയയിലെ വീട്ടിൽ നിന്ന് 300 ഓളം സ്വർണ്ണക്കട്ടികളും രണ്ടു മില്യൺ ഡോളർ കറൻസിയും 35 ഓളം ആഡംബര വാച്ചുകളും എഫ്ബിഐ കണ്ടെടുത്തു.സ്വന്തം നിർദേശപ്രകാരം രൂപീകരിച്ച ഹോൾഡിംഗ് കമ്പനിക്ക് സർക്കാരിൽ നിന്ന് തട്ടിപ്പിലൂടെ 145 മില്യൺ ഡോളർ കൈമാറാൻ റഷ് നിർദേശിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ 2015-ൽ യുഎസ് നാവികസേനയിൽ നിന്ന് ലെഫ്റ്റനന്റായി വിരമിച്ച ശേഷം സൈനിക അവധിയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ഡോളർ നഷ്ടപരിഹാരം വ്യാജമായി കൈപ്പറ്റുകയും ചെയ്തു.റഷ് തന്റെ വിദ്യാഭ്യാസം, സൈനിക പശ്ചാത്തലം എന്നിവയെക്കുറിച്ചും വ്യാജ വിവരങ്ങളാണ് നൽകിയിരുന്നത്. നേവി പൈലറ്റായിരുന്നുവെന്നും പ്രമുഖ സർവകലാശാലകളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങൾ അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞു.ഫെഡറൽ ജീവനക്കാർ ജനങ്ങളെ സേവിക്കാനാണ് ചുമതലപ്പെട്ടിരിക്കുന്നത്, സ്വയം സേവിക്കാനല്ല," എന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി. അലക്സാണ്ട്രിയയിലെ ജില്ലാ ജഡ്ജി മൈക്കൽ നാച്മാനോഫ് ജനുവരി 28-ന് റഷിനുള്ള ശിക്ഷ വിധിക്കും. അതേസമയം, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണക്കട്ടികൾ നിയമപരമായി സ്വന്തമാക്കിയതാണെന്ന വാദത്തിൽ റഷിന്റെ അഭിഭാഷക ജെസിക്ക കാർമൈക്കൽ ഉറച്ചുനിൽക്കുന്നു.
















"




Feedback and suggestions