ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം തെരുവിൽ; ദില്ലിയിൽ വൻ പ്രതിഷേധം


6, October, 2026
Updated on 6, October, 2026 2


ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എംപിമാരും വിവിധ പോഷകസംഘടനാ പ്രവർത്തകരും നടത്തുന്ന പ്രതിഷേധത്തിൽ തലസ്ഥാനനഗരി പ്രക്ഷുബ്ധമായി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എംപിമാർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് വഴിമധ്യേ പൊലീസ് തടഞ്ഞതോടെ പ്രദേശം യുദ്ധക്കളത്തിന് സമാനമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എംപിമാരുടെയും പ്രവർത്തകരുടെയും പ്രക്ഷോഭം.പാർലമെന്റിൽ നിന്ന് ഇന്നു രാവിലെ ആരംഭിച്ച പ്രതിഷേധ മാർച്ച് ആകാശവാണി ഭവന് സമീപത്ത് വച്ച് ദില്ലി പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടയുകയായിരുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എംപിമാർ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചു. പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പ്രക്ഷോഭത്തിൽ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടു.ഇതിനിടെ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന്റെ കവാടം തുറന്ന് അകത്തുകടക്കാൻ ശ്രമിച്ചത് കടുത്ത സംഘർഷത്തിൽ കലാശിച്ചു. സുരക്ഷാസേനയും പ്രവർത്തകരും തമ്മിൽ കടുത്ത ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച നിരവധി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തലസ്ഥാനത്ത് പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് ചുറ്റും കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.










Feedback and suggestions