അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അര്‍ഥശൂന്യം: ചര്‍ച്ചകള്‍ക്ക് പിന്നാലെ മൂന്ന് തവണ ആക്രമിച്ചുവെന്നു ഇറാന്‍ പ്രസിഡന്റ്


6, October, 2026
Updated on 6, October, 2026 5


വാഷിംഗടണ്‍: അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ മൂന്ന് തവണ തങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ . യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മാസങ്ങളായി കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പുതിയ പ്രതികരണം.. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വാഷിങ്ടണും ടെഹ്‌റാനും ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് അമേരിക്കയും ഇസ്രയേലും ഫെബ്രുവരി അവസാനം ഇറാനെതിരെ അപ്രതീക്ഷിത ആക്രമണങ്ങള്‍ ആരംഭിച്ചതോടെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് തുടക്കമായത് ചര്‍ച്ചകള്‍ക്ക് ശേഷം ഇതുവരെ മൂന്ന് തവണയാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. അവര്‍ സംഭാഷണമാണ് ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നില്ല. പകരം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു പെസെഷ്‌കിയാന്‍ പറഞ്ഞു. കൊലപാതകങ്ങള്‍, ഉപരോധങ്ങള്‍, സമ്മര്‍ദം, ഭീഷണികള്‍ എന്നിവ തുടര്‍ച്ചയായി നടത്തുകയും നല്‍കിയ ഉറപ്പുകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ശത്രുവുമായുള്ള ചര്‍ച്ചകള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ജൂണില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് ഉള്‍പ്പെടുന്ന ധാരണാപത്രത്തില്‍ ഇരുപക്ഷവും എത്തിയിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെ അമേരിക്ക വീണ്ടും സൈനിക നടപടികളിലേക്ക് നീങ്ങി. അതിനുശേഷം ചര്‍ച്ചകള്‍ ഫലത്തില്‍ സ്തംഭിച്ചിരിക്കുകയാണ്. യുഎന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി അടുത്തിടെ അമേരിക്കയും ഇറാനും നടത്തിയ പരോക്ഷ ചര്‍ച്ചകള്‍ക്കും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. അതേസമയം, അമേരിക്ക അടുത്ത ആഴ്ചകളില്‍ സൈനിക നടപടികള്‍ കുറച്ച് സാമ്പത്തിക സമ്മര്‍ദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ്. സെപ്റ്റംബര്‍ 1ന് ശേഷം ഇറാനെതിരെ അമേരിക്ക പുതിയ ആക്രമണം നടത്തിയിട്ടില്ല.


അമേരിക്കയുമായുള്ള യുദ്ധം സൈനിക നടപടികളിലൂടെ അവസാനിപ്പിക്കാനാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും ഞായറാഴ്ച വ്യക്തമാക്കി. വീണ്ടും ആക്രമണമുണ്ടായാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. .സൈനിക നടപടികളിലൂടെ പരിഹാരമില്ല. പുതിയ ഉപരോധങ്ങളിലൂടെയും പരിഹാരം ഉണ്ടാകില്ല. നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ ചര്‍ച്ചകള്‍ക്ക് മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയൂള്ളഉവെന്നുംഅറാഖ്ചി പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയാനാണ് യുദ്ധമെന്നാണ് അമേരിക്കയും ഇസ്രയേലും പറയുന്നത്. എന്നാല്‍ അത്തരമൊരു ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന് ഇറാന്‍ ദീര്‍ഘകാലമായി വ്യക്തമാക്കിയിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും പ്രധാന വിഷയമായി. ആഗോള ഊര്‍ജ വിപണിയില്‍ വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ട് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇറാന്‍ അനുമതിയില്ലാതെ കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ഈ പ്രധാന കടല്‍പാതയുടെ നിയന്ത്രണം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് മറുപടിയായി അമേരിക്ക ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും അത് ലംഘിക്കുന്നതായി ആരോപിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.








Feedback and suggestions