ജെഫ്രി എപ്സ്റ്റീന്‍ കേസ് : രാജകീയ വസതികളില്‍ തിരച്ചില്‍ നടത്താനുള്ള വാറന്റുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ആന്‍ഡ്രൂ രാജകുമാരന്‍ കോടതിയെ സമീപിച്ചു


6, October, 2026
Updated on 6, October, 2026 5


ലണ്ടണ്‍: ജഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസില്‍ തന്റെ രാജകീയ വസതികളില്‍ പരിശോധന നടത്താന്‍ പുറപ്പെടുവിച്ച തിരച്ചില്‍ വാറന്റുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ കോടതിയെ സമീപിച്ചു.അന്തരിച്ച അമേരിക്കന്‍ സാമ്പത്തിക ഇടപാടുകാരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട് പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തില്‍ ആന്‍ഡ്രുവിനെ ഫെബ്രുവരിയില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.അന്നുതന്നെ ആന്‍ഡ്രൂവിനെ വിട്ടയച്ചെങ്കിലും അന്വേഷണം തുടരുകയാണ്. അമേരിക്കന്‍ ധനകാര്യ ഇടപാടുകാരനുമായുള്ള തന്റെ ബന്ധത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആന്‍ഡ്രൂവിന്റെ നിലപാട്. ആന്‍ഡ്രൂവിനെ ചോദ്യം ചെയത സംഭവത്തില്‍ ചാള്‍സ് മൂന്നാമന്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.


ഫെബ്രുവരി 18ന് ലണ്ടനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയായ ഓള്‍ഡ് ബെയ്‌ലിയില്‍ നിന്നുള്ള ജഡ്ജി പുറപ്പെടുവിച്ച തിരച്ചില്‍ വാറന്റുകള്‍ നിയമപരമായിരുന്നോ എന്നാണ് ആന്‍ഡ്രൂവിന്റെ അഭിഭാഷകര്‍ പരിശോധിക്കുന്നത്. വാറന്റുകള്‍ റദ്ദാക്കുന്നതിനായി ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ടാണ് മുന്‍ രാജകുമാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ജുഡീഷ്യറി വ്യക്തമാക്കി. വ്യാഴാഴ്ച ഹൈക്കോടതി അടച്ചിട്ട മുറിയില്‍ കേസ് പരിഗണിക്കും. ക്രിമിനല്‍ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം കോടതിയെ സമീപിക്കുന്നത് 1649ല്‍ ചാള്‍സ് ഒന്നാമന്റെ വിചാരണയ്ക്ക് ശേഷം ആദ്യമായാണെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.


ആന്‍ഡ്രൂവിന്റെ അറസ്റ്റും രാജകീയ വസതികളിലെ പൊലീസ് പരിശോധനകളും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ തിരിച്ചടിയായി. എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആന്‍ഡ്രൂവിന്റെ രാജകീയ പദവികള്‍ നീക്കം ചെയ്യുകയും വിന്‍ഡ്‌സറിലെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ രാജാവിന്റെ പിന്‍ഗാമികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചുപോലും ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എപ്സ്റ്റീന്റെ ഇരയായിരുന്ന വിര്‍ജീനിയ ജിയുഫ്രെ തന്റെ മരണാനന്തരമായി പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളില്‍, കൗമാരപ്രായത്തിലിരിക്കെ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ മൂന്ന് തവണ കടത്തിക്കൊണ്ടുപോയതായി ആരോപിച്ചിരുന്നു. ആന്‍ഡ്രൂ ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്. 2022ല്‍ ജിയുഫ്രെ നല്‍കിയ അമേരിക്കന്‍ സിവില്‍ കേസില്‍ ഉത്തരവാദിത്തം സമ്മതിക്കാതെയാണ് ആന്‍ഡ്രൂ ഒത്തുതീര്‍പ്പിലെത്തിയത്.


അമേരിക്കന്‍ അധികൃതര്‍ ഈ വര്‍ഷം പുറത്തുവിട്ട 30 ലക്ഷം എപ്സ്റ്റീന്‍ രേഖകളില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് തെയിംസ് വാലി പൊലീസ് അന്വേഷണം ശക്തമാക്കിയത്. ആന്‍ഡ്രൂ എപ്സ്റ്റീനുമായി സാധ്യതയുള്ള രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചതായി സൂചന നല്‍കുന്ന ഇ-മെയിലുകളും രേഖകളിലുണ്ട്. 2010 നവംബറിലെ ഒരു ഇ-മെയിലില്‍, നിരവധി ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആന്‍ഡ്രൂ എപ്സ്റ്റീനുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ടുണ്ട്.




Feedback and suggestions