ഇറാൻ-യു.എസ്. യുദ്ധവിരാമം: ആണവ നിബന്ധനയുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്


7, October, 2026
Updated on 7, October, 2026 8


വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വഴിയിലൂടെയുള്ള ആഗോള ഊർജ ഗതാഗതം പുനഃസ്ഥാപിക്കാനും ഇറാൻ തങ്ങളുടെ ആണവ ഇന്ധന സമ്പുഷ്ടീകരണ ശേഷി വെട്ടിക്കുറയ്ക്കണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. റോയിട്ടേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വാൻസ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

ഏഴ് മാസമായി തുടരുന്ന യുദ്ധത്തിന് വിരാമമിടാൻ, ഭാവിയിൽ ആണവശേഷി കുറയ്ക്കാമെന്ന വാഗ്ദാനത്തിന് പകരം നിലവിലെ സമ്പുഷ്ടീകരണ ശേഷിയിൽ തന്നെ പ്രകടമായ കുറവ് വരുത്തുകയാണ് ഇറാൻ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ നിർദേശങ്ങൾ കൈമാറി വരികയാണ്.

സെപ്റ്റംബറിൽ താത്കാലിക സമാധാന കരാർ ഉണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വാൻസ് തന്നെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ അന്നത്തെ കരാർ അധികം വൈകാതെ ലംഘിക്കപ്പെടുകയായിരുന്നു. സംഘർഷം ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയതും നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായതുമാണ് നയതന്ത്ര നീക്കങ്ങൾ വേഗത്തിലാക്കാൻ കാരണം.

ആണവായുധം നിർമിക്കാൻ ലക്ഷ്യമില്ലെങ്കിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനത്തിന്റെ ആവശ്യമില്ലെന്ന് വാൻസ് ചൂണ്ടിക്കാട്ടി. വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെയാണ് ഇറാൻ തങ്ങളുടെ പ്രതിബദ്ധത തെളിയിക്കേണ്ടത്. ഇറാനുമായി കരാറിലെത്താൻ അമേരിക്ക തയ്യാറാണെങ്കിലും രാജ്യത്ത് നിലവിൽ യഥാർഥത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എന്നിവരുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതോടെ, നിലവിലെ ഭരണ നേതൃത്വത്തിന് തീരുമാനങ്ങളെടുക്കാൻ എത്രത്തോളം അധികാരമുണ്ടെന്നതിൽ സംശയമുണ്ടെന്ന് വാൻസ് പറഞ്ഞു.അതേസമയം വാൻസിന്റെ പ്രസ്താവനയ്ക്കെതിരെ ഇറാൻ രംഗത്തെത്തി. ഇറാന്റെ ഭരണസംവിധാനങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥരുടെ പരസ്പരവിരുദ്ധമായ നിലപാടുകളും പ്രസ്താവനകളുമാണ് ചർച്ചകളെ ബാധിക്കുന്ന യഥാർഥ പ്രശ്നമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായി പ്രതികരിച്ചു. സംഘർഷ ഭൂമിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സൈനിക കമാൻഡർമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വാൻസ് അഭിമുഖത്തിൽ വ്യക്തമാക്കി.







Feedback and suggestions