2, October, 2026
Updated on 2, October, 2026 6
വാഷിംഗ്ടണ്‍: മിസൈല്‍ ശേഖരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വമ്പൻ കരാറുമായി യുഎസ്എ. എസ്എം-6 മിസൈലുകളുടെ ഉല്‍പാദനത്തിനായി 24.4 ബില്യണ്‍ ഡോളറിന്റെ കരാറാണ് അമേരിക്ക ഉറപ്പിച്ചത്. പ്രമുഖ പ്രതിരോധ ഉപകരണ നിര്‍മാതാക്കളായ റെയ്തിയോണ്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.വ്യോമാക്രമണങ്ങളെ ചെറുക്കാനും ശത്രുക്കപ്പലുകള്‍ക്കെതിരെ പ്രത്യാക്രമണം നടത്താനും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ദൗത്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ബഹുമുഖ മിസൈലാണ് എസ്എം-6.ഇറാനെതിരായ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂരി' ഉള്‍പ്പെടെയുള്ള സൈനിക നടപടികളില്‍ വലിയ തോതില്‍ മിസൈലുകള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. ഇതോടെ അമേരിക്കയുടെ ആയുധശേഖരത്തില്‍ വന്‍ കുറവ് സംഭവിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിസൈല്‍ ശേഖരത്തിലെ കുറവും ആയുധങ്ങള്‍ അടിയന്തരമായി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലും കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ മിസൈല്‍ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ പെന്റഗൺ പുതിയ നീക്കം ആരംഭിച്ചത്.