28, September, 2026
Updated on 28, September, 2026 1
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയെ ദേശദ്രോഹി എന്ന് വിളിച്ചതിനും തിരഞ്ഞെടുപ്പ് കമ്മീഷനോട് നുണ പറഞ്ഞതിനും രാഹുൽ ഗാന്ധിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു. അല്ലാത്തപക്ഷം രാഹുൽ ഗാന്ധിയെ 'ഫ്രോഡ് ' എന്ന് തുടർന്നും വിളിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഫേസ്ബുക്കിലൂടെയും എക്സിലൂടെയും സമാനമായ ആഹ്വാനം നൽകിയ അദ്ദേഹം, നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ നുണയും അഴിമതിയും പ്രീണനവുമാണ് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമെന്ന് വിലയിരുത്തേണ്ടി വരുമെന്നും വ്യക്തമാക്കി.രാഷ്ട്രീയ എതിരാളികൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ സാധാരണ നടത്താറില്ലെങ്കിലും പ്രധാനമന്ത്രിക്കും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കാൻ നിർബന്ധിതനായതെന്നും നേമം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.