അമേരിക്കന്‍ ഉപരോധത്തിനിടയിലും പ്രവര്‍ത്തിച്ച് ഇറാനിലെ പ്രധാന വിമാനത്താവളം


28, September, 2026
Updated on 28, September, 2026 1


തെഹ്‌റാന്‍: അമേരിക്ക ഉപരോധം തീര്‍ത്തിട്ടും പൂര്‍ണമായും പ്രവര്‍ത്തിച്ച് ഇറാനിലെ പ്രധാന വിമാനത്താവളമായ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം. 30ലേറെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനത്താവളം ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ടെന്ന് വിമാനത്താവള സിഇഒ റാമിന്‍ കാഷെഫ്-അസര്‍ അറിയിച്ചു. സെപ്റ്റംബര്‍ 23നാണ് അമേരിക്കയുടെ ഉപരോധം നിലവില്‍ വന്നത്. എന്നാല്‍ ആ ദിവസം മാത്രം 60 വിമാന സര്‍വീസുകള്‍ വിജയകരമായി നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ നടത്തുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുകയോ ലാന്‍ഡിങ് സേവനങ്ങള്‍ നല്‍കുകയോ ടിക്കറ്റ് വില്‍പ്പന നടത്തുകയോ ചെയ്യുന്ന വിമാനത്താവളങ്ങളും കമ്പനികളും അമേരിക്കയുടെ 'സെക്കന്‍ഡറി ഉപരോധത്തിന്' വിധേയരാകാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുെട ഉപരോധത്തെ തുടര്‍ന്ന് ഒമാനും യുഎഇയും ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുകയായിരുന്നു. ഇറാഖിലെ നാല് വിമാനത്താവളങ്ങളും ഇറാനിയന്‍ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി.അതേസമയം, ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇറാനിയന്‍ വിമാനക്കമ്പനികള്‍ ഇപ്പോഴും സര്‍വീസ് തുടരുകയാണ്.




Feedback and suggestions