ആശുപത്രി അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇറാൻ പരമോന്നത നേതാവിനെ പുറത്തെടുത്തു; വെളിപ്പെടുത്തലുമായി അസംബ്ലി അംഗം


27, September, 2026
Updated on 27, September, 2026 4



ന്യൂയോർക്ക്: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനെയിയെ പുറത്തെടുത്തതെന്ന് റിപ്പോർട്ട്.


ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗമായ മൊഹ്‌സെൻ ഹൈദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച ഖത്തർ ടെലിവിഷൻ ശൃംഖലയായ അൽ അറബിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 


നേരത്തെ നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൊജ്തബ ഖമനെയി. ഇതിനിടെയാണ് ടെഹ്റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. മൂന്നാമത്തെ ആശുപത്രിയിലായിരുന്നു ഖമനെയി ഉണ്ടായിരുന്നതെന്നും തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തെ പുറത്തെടുത്തതെന്നും ഹൈദരി പറഞ്ഞു. 


ഇതിന് ശേഷം അദ്ദേഹത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് അദ്ദേഹത്തെ പൊതുവേദിയിൽ ആരും കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 


ഇറാന്റെ പുതിയ പരമോന്നത നേതാവായി മാർച്ച് 8ന് മൊജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതിനെ കുറിച്ചും ഹൈദരി സംസാരിച്ചു. തന്നെ തെരഞ്ഞെടുത്ത കാര്യം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ വാർത്ത വരുന്നത് വരെ മൊജ്തബയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് ഹൈദരി പറയുന്നത്.


യോഗത്തിൽ പങ്കെടുത്ത 59 പേരിൽ 50 പേരും മൊജ്തബയ്ക്ക് വോട്ട് ചെയ്തു. 8 പേർ ആയത്തുള്ള അലിറേസ അറാഫിക്ക് വോട്ട് ചെയ്തു, ഒരാൾ വിട്ടുനിന്നു.


അതേസമയം മൊജ്തബയുടെ ആരോഗ്യനിലയെ കുറിച്ച് വലിയ ദുരൂഹത നിലനിൽക്കുകയാണ്. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖം വികൃതമായതായി സൂചനയുണ്ട്. എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.




Feedback and suggestions