27, September, 2026
Updated on 27, September, 2026 4
അമേരിക്കയുടെ നാവിക ഉപരോധം കാരണം ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ആ രാജ്യം തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻറെ പക്കൽ ഇപ്പോൾ പണമില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് അവർ തങ്ങളെത്തന്നെയാണ് കബളിപ്പിച്ചതെന്നും വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാൻറെ തുറമുഖങ്ങളിൽ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉപരോധമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടനിലക്കാർ വഴി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം തള്ളിക്കളഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുഎസ് ഉപരോധം പിൻവലിക്കുകയാണെങ്കിൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ ചർച്ചകൾ പുനരാരംഭിക്കാനും തയ്യാറാണെന്നായിരുന്നു ഇറാൻറെ വാഗ്ദാനം. എന്നാൽ ഈ നിർദ്ദേശം ട്രംപ് തള്ളിക്കളയുകയായിരുന്നു. യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28നാണ് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചത്.ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിലെയും ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലെയും ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തിരുന്നു. അമേരിക്ക ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും മധ്യസ്ഥർ വഴി കൃത്യമായ തീരുമാനം അറിഞ്ഞതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് വഴിയെന്നും ഇറാൻ ആവർത്തിക്കുന്നു.