25, September, 2026
Updated on 25, September, 2026 9
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. വോട്ടർ പട്ടികയുടെ സവിശേഷമായ സമഗ്ര പരിശോധന അഥവാ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപ്പിലാക്കിയതിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. രാജ്യത്തെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ലംഘിച്ചതിന് ജ്ഞാനേഷ് കുമാറിനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ഇതിലൂടെ ആവശ്യപ്പെടുന്നു.മറ്റ് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുടെ അനുമതിയില്ലാതെ ഏകപക്ഷീയമായാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ പല തീരുമാനങ്ങളും എടുത്തതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധർ അടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിക്കണം എന്നും ആവശ്യമുണ്ട്. ഈ പ്രക്രിയയിലൂടെ രാജ്യത്തുടനീളമുള്ള ഏകദേശം 13 കോടി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിനെക്കുറിച്ച് വിശദമായ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന് ഹർജിക്കാരൻ വാദിക്കുന്നു.