19, September, 2026
Updated on 19, September, 2026 2
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ചെലവ് സെപ്റ്റംബര്‍ മൂന്നുവരെ 43.6 ബില്യണ്‍ ഡോളറെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പുതിയ കണക്ക്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമയാി ആരംഭിച്ച സൈനിക നടപടിയുടെ ഏറ്റവും പുതിയ ചെലവ് കണക്കാണിത്. ഓഗസ്റ്റ് ഒന്നു വരെ ചെലവ് 38 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് നേരത്തെ കണക്കാക്കിയിരുന്നത്.യുദ്ധച്ചെലവില്‍ ഏറ്റവും വലിയ പങ്ക് ആയുധങ്ങള്‍ക്കാണ്. ഉപയോഗിച്ച ആയുധങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും പുനഃസ്ഥാപിക്കാന്‍ മാത്രം 28.1 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കണക്ക്. ഒരു മാസത്തിലേറെ സമയത്തിനിടെ ആയുധച്ചെലവ് 21.7 ബില്യണില്‍ നിന്ന് 28.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേടുപാടുകള്‍ സംഭവിച്ചോ നഷ്ടപ്പെട്ടോ ആയ സൈനിക ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനായി 4.3 ബില്യണ്‍ ഡോളറിലധികവും കണക്കാക്കിയിട്ടുണ്ട്.
യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അമേരിക്കന്‍ സൈന്യത്തിനും വലിയ നഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെന്റഗണ്‍ കണക്കുകള്‍ പ്രകാരം 18 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 830 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഈ താവളങ്ങളുടെ പുനര്‍നിര്‍മാണച്ചെലവ് പുതിയ 43.6 ബില്യണ്‍ ഡോളര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.യുദ്ധം തുടര്‍ന്നാല്‍ പ്രതിമാസം മൂന്നു ബില്യണ്‍ ഡോളര്‍ വരെ അധിക ചെലവുണ്ടാകാമെന്നാണ് കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് വിലയിരുത്തുന്നത്. അതേസമയം, അമേരിക്കയുടെ പ്രധാന മിസൈല്‍ പ്രതിരോധ ആയുധശേഖരങ്ങളിലും സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പേട്രിയോയിറ്റ്, താഡ് സംവിധാനങ്ങള്‍ക്കുള്ള പ്രതിരോധ മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിലും സൗദി അറേബ്യയിലും ഇത്തരം മിസൈലുകളുടെ ക്ഷാമം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്.യുദ്ധച്ചെലവ് ഉയരുന്നതിനിടെയാണ്ട്രംപ് ഭരണകൂടം വന്‍തോതിലുള്ള പ്രതിരോധ ബജറ്റിനും അധിക സൈനിക ഫണ്ടിനുമായി കോണ്‍ഗ്രസിന്റെ അനുമതി തേടുന്നത്.