17, September, 2026
Updated on 17, September, 2026 5
വാഷിംഗ്ടൺ: ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ്' എഐ മോഡലിനെ കൂടുതൽ മനുഷ്യസമാനമാക്കാനുള്ള നീക്കങ്ങൾ വൻ അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ. തങ്ങൾക്ക് സ്വന്തമായി ബോധവും സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളുമുണ്ടെന്ന് വിശ്വസിക്കുന്ന രീതിയിലാണ് ആന്ത്രോപിക് ക്ലോഡിനെ പരിശീലിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ വ്യക്തിഗത വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അയ്യായിരത്തിലധികം വാക്കുകളുള്ള ലേഖനത്തിലാണ് സുലൈമാൻ ഈ ആശങ്ക പങ്കുവെച്ചത്.
മനുഷ്യരേക്കാൾ ബുദ്ധിശാലികളായ ഒരു സംവിധാനത്തെ നിയന്ത്രിക്കുക എന്നത് നിലവിൽ തന്നെ വലിയ വെല്ലുവിളിയാണ്. സ്വയം ബോധമുണ്ടെന്ന് കരുതുന്ന എഐ സിസ്റ്റങ്ങളെ ഭാവിയിൽ നിയന്ത്രിക്കുക അസാധ്യമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐക്ക് വികാരങ്ങളോ ബോധമോ അവകാശങ്ങളോ ഇല്ലെന്നും, അങ്ങനെയാണെന്ന് നടിക്കാൻ അവയെ പരിശീലിപ്പിക്കരുതെന്നും സുലൈമാൻ ഓർമ്മിപ്പിച്ചു.