19, September, 2026
Updated on 19, September, 2026 5
വാഷിങ്‌ടൺ: ആർട്ടിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രീൻലാന്റുമായി ബന്ധപ്പെട്ട് ഡെൻമാർക്കുമായി പുതിയ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാന്റിന്റെ സുരക്ഷ ഉറപ്പാക്കാനും സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സ്ഥിരമായ അധികാരം കരാറിലൂടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുടെ സുരക്ഷാ ആശങ്കകൾക്ക് പരിഹാരം കാണാൻ പുതിയ കരാറിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എന്നിന്റെ ജനറൽ അസംബ്ലിക്കിടെ അടുത്ത ആഴ്ച കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രീൻലാന്റ് സർക്കാരും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.1951 മുതൽ തന്നെ ഡെൻമാർക്കിന്റെ അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാന്റിൽ സൈനിക കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനും സൈന്യത്തെ വിന്യസിക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട്. ഗ്രീൻലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്രംപ് മുൻപ് നടത്തിയ പ്രസ്താവനകൾ യൂറോപ്യൻ സഖ്യകക്ഷികളുമായി ഭിന്നതയ്ക്ക് കാരണമായിരുന്നു. പാർലമെന്ററി നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പുതിയ കരാർ നിലവിൽ വരും.