ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി


17, September, 2026
Updated on 17, September, 2026 3


ലോകമെമ്പാടുമുള്ള ചിപ്പ് നിർമ്മാണ കമ്പനികൾക്ക് ഇന്ത്യ ഏറ്റവും വിശ്വസനീയമായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമികോൺ ഇന്ത്യ 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിപ്പ് നിർമ്മാണത്തിനായി പുതിയതും വിശ്വസനീയവുമായ ഇടങ്ങൾ ലോകത്തിന് ആവശ്യമാണെന്നും, അതിനായി രാജ്യം പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.




സെമികണ്ടക്ടർ മേഖലയിലെ വ്യവസായ വിജയത്തിനായി അനുകൂലമായ നയങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 12 ചിപ്പ് നിർമ്മാണ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും വരും ഘട്ടങ്ങളിൽ ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 പ്രകാരം പദ്ധതിയുടെ തുക ആദ്യ ഘട്ടത്തിലെ 8 ബില്യൺ ഡോളറിൽ നിന്ന് 13.5 ബില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്. ഒന്നാം പാദത്തിലെ ജി.ഡി.പി വളർച്ചയും ജാപ്പനീസ് റേറ്റിംഗ് ഏജൻസിയായ ജെ.സി.ആറിന്റെ റേറ്റിംഗ് ഉയർത്തിയതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വളർച്ചയെയും രാജ്യത്തോടുള്ള ആഗോള വിശ്വാസത്തെയും വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.




ചിപ്പ് രൂപകൽപ്പനയ്ക്കും അസംബ്ലിക്കും പുറമേ ഫാബ്രിക്കേഷൻ, പാക്കേജിംഗ്, ഗവേഷണം, എൻജിനീയറിങ് പ്രതിഭകൾ തുടങ്ങിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച് സമ്പൂർണ്ണ സെമികണ്ടക്ടർ ആവാസവ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഗോള വിതരണ ശൃംഖലയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, കോടിക്കണക്കിന് ഡോളറിന്റെ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ആഗോള മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുന്നതിനായി അപ്ലൈഡ് മെറ്റീരിയൽസ് വിഷൻ 2035-ന്റെ കീഴിൽ 5 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.






Feedback and suggestions