7, September, 2026
Updated on 7, September, 2026 0
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനുമെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. കണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ പിണറായി വിജയൻ തോൽവിയുടെ കാരണങ്ങൾ പറയാതെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറ്റപ്പെടുത്തി സംസാരിച്ചത് ഏത് പാർട്ടി രീതിയാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഭയമില്ലാതെ കാര്യങ്ങൾ തുറന്നു പറയാമെന്ന് സംഘടനാ മീറ്റിംഗുകളിൽ പറഞ്ഞതിന് വിരുദ്ധമായാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിനെ മറികടന്ന് ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന രീതിയിൽ പിണറായി പ്രസംഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന മനോഭാവമാണ് പിണറായി വിജയനെന്ന് ടി.കെ. ഗോവിന്ദൻ ആരോപിച്ചു. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ താനും പങ്കാളിയാണെന്ന് പറഞ്ഞ എം.എൽ.എ, പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. സ്വന്തം മണ്ഡലത്തിൽ ആറ് റൗണ്ടിൽ പിന്നിലായിരുന്ന പിണറായി അവിടുത്തെ കാര്യങ്ങൾ നോക്കുന്നില്ലേയെന്നും അവിടുത്തെ ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് പിണറായി പൂരപ്പാട്ട് പാടിപ്പിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.കെ.കെ. രാഗേഷിന്റെ പ്രസംഗം വിചിത്രമാണെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്നവർ സ്വയം കണ്ണാടിയിൽ നോക്കണമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. കെ.കെ. രാഗേഷ് പാർട്ടിയിൽ വരുമ്പോഴും ഇപ്പോഴുമുള്ള സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും തന്റെ സ്വത്തും പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കാൻ ജില്ലാ സെക്രട്ടറി ഇടയാക്കരുതെന്നും ടി.കെ. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.