2, September, 2026
Updated on 2, September, 2026 4
സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി എ.പി. വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. മതം വ്യാഖ്യാനിക്കാൻ നിൽക്കാതെ മുഖ്യമന്ത്രി ഭരണം നടത്താൻ ശ്രദ്ധിക്കണമെന്ന് എസ്.എസ്.എഫ് പരസ്യമായി ആവശ്യപ്പെട്ടു. മതം വ്യാഖ്യാനിക്കലല്ല മറിച്ച് നാട് ഭരിക്കലാണ് ഒരു ഭരണാധികാരിയുടെ ധർമ്മമെന്നും സംഘടന തങ്ങളുടെ നിലപാടിലൂടെ വ്യക്തമാക്കി.
കാന്തപുരത്തിന്റെ പ്രസ്താവനയെ അടർത്തിയെടുത്ത് വിവാദമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹത്തിന്റെ പക്വതയില്ലാത്ത പ്രതികരണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും എ.പി. പക്ഷം ശക്തമായി ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി എസ്.വൈ.എസ് നേതാവ് റഹ്‌മത്തുള്ള സഖാഫിയും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ബി.ജെ.പി നേതാവ് മുഖ്യമന്ത്രിയുടെ നട്ടെല്ലിന്റെ ഉറപ്പ് പരിശോധിച്ചപ്പോൾ തന്നെ ഇത്തരമൊരു പ്രസ്താവന കാന്തപുരത്തിനെതിരെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ആറു പതിറ്റാണ്ടിലധികം നീണ്ട കാന്തപുരത്തിന്റെ സ്ത്രീ സമുദ്ധാരണ പ്രവർത്തനങ്ങളുടെ ചരിത്രം പരിശോധിക്കാതെയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുഖ്യമന്ത്രി ദുർവ്യാഖ്യാനം നൽകിയത്.
അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേർന്നുള്ള രംഗപ്രവേശം ഉണ്ടാക്കുന്ന വലിയ അപകടങ്ങളെക്കുറിച്ചാണ് കാന്തപുരം മുന്നറിയിപ്പ് നൽകിയത്. നിയന്ത്രണമില്ലാതെ കൂടിക്കലരുമ്പോൾ എന്ത് സംഭവിക്കുമെന്ന് സംസ്ഥാനത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീപീഡന കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്ത്രീ ശാക്തീകരണ നിയമങ്ങളും വനിതാ കമ്മീഷനും ഉണ്ടായിട്ടും പീഡനങ്ങൾ വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാതെ, മതനേതാക്കളുടെ വീക്ഷണങ്ങളെ ഭയത്തോടും മുൻവിധിയോടും കൂടി കാണുന്ന ഭരണനേതൃത്വത്തിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും സുന്നി സംഘടനകൾ വ്യക്തമാക്കി.