7, September, 2026
Updated on 7, September, 2026 5
തിരുവനന്തപുരം: കോവളത്ത് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരികൾ (Sea Cucumber) വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് പിടിയിൽ. പനവൂർ അഞ്ചാംകല്ല് കൂനൻവേങ്ങ റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് പരുത്തിപ്പള്ളി വനം റെയിഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കോവളം ലൈറ്റ് ഹൗസിന് സമീപമുള്ള ട്രോപ്പിക്കൽ ഹെവൻ ഹോട്ടൽ പരിസരത്തുനിന്നുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഏകദേശം രണ്ട് കിലോഗ്രാം വീതം ഭാരം വരുന്ന എൺപതോളം കടൽവെള്ളരികൾ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിൽ വനംവകുപ്പ് നേരിട്ട് കടൽവെള്ളരി വേട്ട പിടികൂടുന്ന ആദ്യ സംഭവമാണിത്. മുമ്പ് 2022-ൽ പെരുമ്പാവൂരിൽ വനം വിജിലൻസ് വിഭാഗവും, 2024-ൽ കൊച്ചിയിൽ ഡിആർഐയും (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) സമാന രീതിയിൽ കടൽവെള്ളരി പിടികൂടിയിരുന്നു.
കടൽത്തട്ടിലും പവിഴപ്പുറ്റുകൾക്കിടയിലും കാണപ്പെടുന്ന കടൽവെള്ളരികളെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഇവ വിലയേറിയ ഭക്ഷണവിഭവമായി ഉപയോഗിക്കുന്നതിനാലാണ് അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് വൻതോതിൽ കടത്ത് നടത്തുന്നത്.
പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വി., എസ്.എഫ്.ഒ.മാരായ അനുകൃഷ്ണൻ, ജിജിമോൻ, പ്രദീപ്, ബി.എഫ്.ഒ.മാരായ മുകേഷ്, മനുചന്ദ്രൻ, വിഷ്ണു, രമ്യ, എഫ്.ബി.എ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത കടൽവെള്ളരികൾ എവിടെ നിന്നാണ് എത്തിച്ചതെന്നതിനെക്കുറിച്ച് വനംവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളെ വനം കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.