5, September, 2026
Updated on 5, September, 2026 2
ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്തെ ഡൈവർഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. എട്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മരിച്ചവരിൽ തമിഴ്നാട് മധുരൈ സ്വദേശികളായ സന്തോഷ് (20), പ്രസന്ന (20), സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശികളായ സൂര്യ (20), സഞ്ജിത്ത് (21), ജോഷ്വ (20) എന്നിവർ ഉൾപ്പെടുന്നു. മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചവരെല്ലാം.കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ് കുമാർ, മതിലകം സി.ഐ വി.വി. വിമൽ, കയ്പമംഗലം എസ്.ഐ രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.