1, September, 2026
Updated on 1, September, 2026 4
വാഷിങ്‌ടൺ: പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായുള്ള ഭിന്നതയെത്തുടർന്ന് യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ രാജിവെച്ചു. ഡ്രിസ്കോളിന്റെ രാജി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വൈകീട്ട് അംഗീകരിച്ചതായി അധികൃതർ അറിയിച്ചു.
ഡ്രിസ്കോളിന്റെ സേവനങ്ങളെ വൈറ്റ് ഹൗസ് പ്രശംസിച്ചു. റഷ്യ-യുക്രൈൻ സമാധാനചർച്ചകളിൽ വഹിച്ച പങ്കും 'മേക്ക് അമേരിക്ക സ്‌ട്രോങ് എഗെയ്ൻ' നയങ്ങൾ നടപ്പാക്കുന്നതിൽ കാണിച്ച നേതൃപാടവവും എടുത്തുപറഞ്ഞ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി, അദ്ദേഹത്തിന് നന്ദി അറിയിച്ചു.
2025-ൽ ചുമതലയേറ്റതുമുതൽ വിവിധ വിഷയങ്ങളിൽ ഹെഗ്‌സെത്തും ഡ്രിസ്കോളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഹെഗ്‌സെത്ത് സ്ഥാനങ്ങളിൽനിന്ന് നീക്കിയതാണ് പ്രധാന തർക്കവിഷയം. മുൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ പുറത്താക്കിയതിന്റെ കാരണം വ്യക്തമല്ലെന്ന് ഡ്രിസ്കോൾ നേരത്തേ കോൺഗ്രസ് ഹിയറിങ്ങിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം അവസാനത്തോടെ റഷ്യ-യുക്രൈൻ സമാധാനചർച്ചകൾക്കുള്ള ദൗത്യം ട്രംപ് ഡ്രിസ്കോളിനെ ഏൽപ്പിച്ചിരുന്നു. സൈനികവിഭാഗത്തിന്റെ മേൽനോട്ടത്തിന് പുറമെ ലഭിച്ച ഈ നയതന്ത്രചുമതല ശ്രദ്ധ നേടിയിരുന്നു. യേൽ ലോ സ്കൂൾ പഠനകാലത്ത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി തുടങ്ങിയ സൗഹൃദമാണ് ഡ്രിസ്കോളിന് ഭരണകൂടത്തിൽ സ്വാധീനമുണ്ടാക്കാൻ സഹായിച്ചത്. 10-ാം മൗണ്ടൻ ഡിവിഷനിൽ കാവൽറി ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.