29, August, 2026
Updated on 29, August, 2026 0
ബീജിങ് : ചൈനീസ് ഭരണകൂടത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് നടപ്പിലാക്കുന്ന വൻ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) ഉന്നത ജനറൽമാർ പുറത്താക്കപ്പെട്ടു. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) ഉപാധ്യക്ഷൻ ജനറൽ ഷാങ് യൂസിയ, ജോയിന്റ് സ്റ്റാഫ് ചീഫ് ജനറൽ ലിയു ഷെൻലി എന്നിവരെയാണ് അഴിമതിയും ഗുരുതര അച്ചടക്കലംഘനവും ആരോപിച്ച് ഏറ്റവും ഉയർന്ന സൈനിക സമിതിയിൽ നിന്ന് ഒഴിവാക്കിയത്. ഇതിന് പുറമെ ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ പ്രമുഖ അംഗങ്ങളായ മറ്റ് പത്തോളം മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെയും സ്ഥാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ചൈനയിലെ ഏറ്റവും പുതിയ സൈനിക നടപടികൾക്ക് ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുമായി നിർണ്ണായകമായ ബന്ധമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2017-ലെ ഡോക്ലാം അതിർത്തി തർക്കത്തിനും 2020-ലെ ഗാൽവാൻ താഴ്‌വരയിലെ മാരകമായ ഏറ്റുമുട്ടലിനും നേതൃത്വം നൽകിയ വെസ്റ്റേൺ തിയേറ്റർ കമാൻഡ് മുൻ തലവൻ ജനറൽ ഷാവോ സോങ്ഖിയെ രാഷ്ട്രീയ ഉപദേശക സമിതിയിലെ സ്ഥാനങ്ങളിൽ നിന്ന് ചൈന നീക്കം ചെയ്തു. ഇന്ത്യയെ പാഠം പഠിപ്പിക്കാനെന്ന വ്യാജേന ഗാൽവാനിൽ ആക്രമണത്തിന് ഉത്തരവിട്ടത് ജനറൽ ഷാവോ ആണെന്ന് നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ടിബറ്റ്, സിൻജിയാങ് മേഖലകളുടെ പൂർണ്ണ ചുമതല ഈ വെസ്റ്റേൺ തിയേറ്റർ കമാൻഡിനായിരുന്നു.
ചൈനീസ് സൈന്യത്തിൽ ആഴത്തിൽ വേരോടിയ സാമ്പത്തിക ക്രമക്കേടുകളും വ്യാജ ഉപകരണ നിർമ്മാണവുമാണ് ഷി ജിൻപിങിന്റെ ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം. പ്രതിരോധ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് വഴി സൈന്യത്തിന്മേൽ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരാനും പ്രസിഡന്റ് ലക്ഷ്യമിടുന്നുണ്ട്. അതിർത്തിയിലെ ആക്രമണാത്മക നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജനറൽമാർക്കെതിരെയുണ്ടായ ഈ വൻ വിചാരണയും നടപടിയും ഇന്ത്യയുമായുള്ള അതിർത്തി ചർച്ചകളിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിതുറന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.