22, September, 2026
Updated on 22, September, 2026 1
കാലിഫോർണിയ: കാലിഫോർണിയയിലെ യോസെമിറ്റി ദേശീയോദ്യാനത്തിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ.) അറിയിച്ചു. 'പ്രിസിഷൻ' എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള യൂറോകോപ്റ്റർ എഎസ്-350 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.യോസെമിറ്റിയിലെ ഓസ്ട്രാൻഡർ തടാകത്തിന് തെക്കുകിഴക്കായി ഡോം ഫയർ പടരുന്ന മേഖലയിൽ വെള്ളം തളിക്കുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെടുത്തതായി ദൗത്യസേനാ വക്താവ് ബെഞ്ചമിൻ കോസൽ സ്ഥിരീകരിച്ചു.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സെപ്റ്റംബർ 15-ന് ആരംഭിച്ച കാട്ടുതീ ഇതിനകം 3,200 ഏക്കറിലധികം പ്രദേശത്തേക്ക് പടർന്നിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി ഏകദേശം 600-ഓളം കര-വ്യോമസേനാംഗങ്ങളാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ തീയുടെ 15 ശതമാനം നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, മേഖലയിലെ കുത്തനെയുള്ള ദുർഘടമായ ഭൂപ്രകൃതി രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്.