22, September, 2026
Updated on 22, September, 2026 3
ഗുജറാത്തിലെ ഏകതാനഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മലയാള സിനിമയ്ക്ക് അഭിമാനനേട്ടം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള തന്റെ നാലാം ദേശീയ പുരസ്കാരം മമ്മൂട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി. ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കൊപ്പം പങ്കിട്ടപ്പോൾ, മുതിർന്ന കന്നഡ നടൻ അനന്ത് നാഗിന് ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുതിയായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചു.ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നത് വലിയ പ്രചോദനമാണെന്നും നാലാമതും പുരസ്കാരം ലഭിച്ചതിൽ ഭാഗ്യവാനാണെന്നും മമ്മൂട്ടി പ്രതികരിച്ചു. കഥാപാത്രത്തേക്കാൾ തിരക്കഥയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അഭിനയത്തിൽ വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാതെ സെറ്റിലെത്തുമ്പോൾ തനിക്ക് ലഭിക്കുന്ന എന്തോ ഒന്നാണ് കഥാപാത്രമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുമൺ പോറ്റിയുടെ രൂപത്തിലേക്ക് എത്താൻ സഹായിച്ച സംവിധായകൻ രാഹുൽ സദാശിവൻ, മേക്കപ്പ്-കോസ്റ്റ്യൂം ടീം, ഛായാഗ്രാഹകൻ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.മമ്മൂട്ടിക്ക് പുറമെ നിരവധി മലയാളികളും പുരസ്കാര വേദിയിൽ തിളങ്ങി. എ.ആർ.എം. എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വൈക്കം വിജയലക്ഷ്മിയെ സദസ്സ് എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെ ആദരിച്ചു. ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ മികച്ച ഛായാഗ്രഹണത്തിനും, ടച്ച്ഡ് ആസ് വാട്ടറിലൂടെ ജോഷി ബെനഡിക്ട് മികച്ച ആനിമേഷൻ ചിത്രത്തിനും, ഫെമിനിച്ചി ഫാത്തിമയിലൂടെ ഫാസിൽ മുഹമ്മദ് മികച്ച മലയാള ചിത്രത്തിനുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. ആനന്ദ ജ്യോതിക്ക് നോൺ-ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശവും ലഭിച്ചു.ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, മികച്ച ഹിന്ദി സിനിമയായി ശ്രീകാന്ത് തിരഞ്ഞെടുക്കപ്പെട്ടു. ലക്കി ഭാസ്കറിലൂടെ വെങ്കി അറ്റ്ലൂരി മികച്ച തിരക്കഥയ്ക്കും, രായനിലൂടെ ധനുഷ് മികച്ച തമിഴ് ചിത്രത്തിനുമുള്ള അവാർഡ് നേടി. കൽക്കി 2898 എ.ഡി. ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.അടുത്ത പുരസ്കാര വിതരണത്തിന് എല്ലാ സംസ്ഥാനങ്ങളെയും ക്ഷണിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഗുജറാത്തിനെ വേദിയാക്കിയതിലെ വിമർശനങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിവെച്ച് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു