ജർമനിയിൽ യു.എസ്. എഫ്-16 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു


23, September, 2026
Updated on 23, September, 2026 1


ബർലിൻ: പടിഞ്ഞാറൻ ജർമനിയിലെ യു.എസ്. വ്യോമതാവളത്തിന് സമീപം അമേരിക്കൻ എഫ്-16 യുദ്ധവിമാനം തകർന്നു വീണു. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30-ഓടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അടിയന്തരമായി പുറത്തേക്ക് ചാടിയതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയതായി സൈനിക അധികൃതർ അറിയിച്ചു.യു.എസ്. വ്യോമസേനയുടെ 52-ാമത് ഫൈറ്റർ വിങ്ങിന്റെ ഭാഗമായ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാങ്ഡാലെം യു.എസ്. എയർ ബേസ് വ്യക്തമാക്കി. അപകടസ്ഥലത്തുനിന്ന് വലിയതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തുകയും പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുകയും ചെയ്തു.അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്പാങ്ഡാലെം എയർ ബേസ് പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ ആഴ്ച മിഷിഗണിൽ ടെക്സസ് നാഷണൽ ഗാർഡിന്റെ എഫ്-16 വിമാനം തകർന്നു വീണിരുന്നു. ഇതിനുപിന്നാലെ വീണ്ടും അപകടമുണ്ടായത് യു.എസ്. സൈനിക വ്യോമയാന മേഖലയിൽ ആശങ്കയുയർത്തിയിട്ടുണ്ട്.














Feedback and suggestions