അമേരിക്ക സൈനിക സമ്മർദം കുറച്ചാൽ ഹോർമുസ് 7 ദിവസത്തിനകം തുറക്കാം; നയതന്ത്ര നീക്കവുമായി ഇറാൻ


22, September, 2026
Updated on 22, September, 2026 6



 ടെഹ്‌റാൻ: അമേരിക്ക സൈനിക സമ്മർദം കുറയ്ക്കാൻ പ്രാരംഭ നടപടികൾ സ്വീകരിച്ചാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറക്കാൻ തയാറാണെന്ന് ഇറാൻ. വാഷിംഗ്ടണുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥൻ ജാപ്പനീസ് മാധ്യമമായ ക്യോഡോ ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് ശാശ്വതമായി വിരാമം കുറിക്കുക ലക്ഷ്യമിട്ടുള്ള പുതിയ ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നതാണ് ഈ നിർദേശം. മധ്യസ്ഥർ വഴിയാണ് ഈ സന്ദേശം അമേരിക്കയ്ക്ക് കൈമാറിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ ആഴ്ച നടക്കുന്ന 81-ാമത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി യോഗങ്ങൾക്കിടയിൽ മധ്യസ്ഥ ചർച്ചകളിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളുമായി ബന്ധപ്പെടാൻ ടെഹ്‌റാൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അമേരിക്കയുമായുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഡെലിഗേഷൻ അംഗങ്ങളുടെ വിസയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കുമിടയിൽ, യുഎൻജിഎ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നേരത്തെ തന്നെ ന്യൂയോർക്കിലേക്ക് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള പെസെഷ്കിയാൻ, സമ്മേളനത്തിന്റെ ഇടവേളകളിൽ വിദേശ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.പെസെഷ്കിയൻ - ട്രംപ് കൂടിക്കാഴ്ചയില്ല.പ്രസിഡന്റ് പെസെഷ്കിയനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥൻ തള്ളിക്കളഞ്ഞു. എന്നാൽ വാഷിംഗ്ടണിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥതയും പ്രതിബദ്ധതയും ഉണ്ടായാൽ നയതന്ത്ര നീക്കങ്ങളിൽ പുരോഗതി ഉണ്ടാകാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ചർച്ചകളിലേക്ക് മടങ്ങാൻ അമേരിക്ക തയാറാണെന്ന ഉറപ്പും, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള സൈനിക ഉപരോധം ലഘൂകരിക്കലും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സൈനിക നടപടികൾ നിർത്തലാക്കലുമാണ് ഇറാൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.എണ്ണവില കുത്തനെ ഇടിഞ്ഞു.ഈ നിർദ്ദേശം പുറത്തുവന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചയ്ക്കകം തന്ത്രപ്രധാനമായ ജലപാത തുറക്കാൻ ഇറാൻ തയ്യാറാണെന്ന വാർത്തയ്ക്ക് പിന്നാലെ എണ്ണ വില ബാരലിന് 91 ഡോളറിന് താഴെയായി കുറഞ്ഞു.നയതന്ത്രത്തോടൊപ്പം സൈനിക സമ്മർദവും.ടെഹ്‌റാന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് വ്യക്തമാക്കി ദിവസങ്ങൾക്കകമാണ് ഈ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.ഞങ്ങൾ ഒരേസമയം പോരാടുകയും ചർച്ചകൾ നടത്തുകയും വേണം," എന്ന് വ്യക്തമാക്കിയ ഘാലിബഫ്, തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ നയതന്ത്രം പോലെ തന്നെ സൈനിക സമീപനവും ആവശ്യമാണെന്നും വാദിച്ചു.












"





















Feedback and suggestions