യുക്രെയ്ന്‍ സ്വാതന്ത്ര്യദിനത്തില്‍ കീവിലെത്തി യൂറോപ്യന്‍ നേതാക്കള്‍; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി


24, August, 2026
Updated on 24, August, 2026 0


കീവ്: യുക്രെയ്ന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച കീവിലെത്തി. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടുന്ന ‘കോയലിഷന്‍ ഓഫ് ദ വില്ലിങ്’ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ബേണ്‍ഹാമിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, മോള്‍ഡോവ പ്രസിഡന്റ് മായ സാന്‍ഡു, ലക്‌സംബര്‍ഗ് പ്രധാനമന്ത്രി ലൂക്ക് ഫ്രൈഡന്‍, എസ്റ്റോണിയ പ്രസിഡന്റ് അലാര്‍ കാരിസ് തുടങ്ങിയ നേതാക്കളും കീവിലെത്തി. യുക്രെയ്ന് തുടര്‍ന്നും അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നതും റഷ്യക്കെതിരായ യുദ്ധത്തിലെ സുരക്ഷാ സഹകരണവും യോഗത്തില്‍ പ്രധാന ചര്‍ച്ചകളാകുമെന്നാണ് വിവരം.


അതേസമയം, ബ്രിട്ടീഷ് പ്രതിരോധ കമ്പനിയായ എംബിഡിഎയ്ക്ക് ബ്രിട്ടീഷ് ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ദീര്‍ഘദൂര മിസൈലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തുവിടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് ബേണ്‍ഹാമിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ ഫ്രാന്‍സിനും യുക്രെയ്നും യുക്രെയ്നില്‍ തന്നെ മിസൈലിന്റെ പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.ഫ്രാന്‍സിന്റെ സ്‌കാല്‍പ് മിസൈലും ബ്രിട്ടന്റെ സ്‌റ്റോം ഷാഡോ മിസൈലും സമാനമായ സാങ്കേതികവിദ്യകള്‍ പങ്കിടുന്നവയാണ്. ബ്രിട്ടീഷ് ഘടകങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനുള്ള അനുമതി ലഭിക്കുന്നത് യുക്രെയ്നിലെ മിസൈല്‍ ഉല്‍പ്പാദന പദ്ധതിക്ക് നിര്‍ണായകമായേക്കും. യുക്രെയ്ന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സഹകരണത്തിന്റെ ഭാഗമായാണ് നീക്കം.1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനെ തുടര്‍ന്ന് സ്വാതന്ത്ര്യം നേടിയ യുക്രെയ്ന്‍ തിങ്കളാഴ്ച 35-ാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. സ്വാതന്ത്ര്യദിന പരിപാടികളിലും ബേണ്‍ഹാം പങ്കെടുക്കും. യുക്രെയ്നുള്ള തുടര്‍ അന്താരാഷ്ട്ര പിന്തുണ, സുരക്ഷാ സഹകരണം, യുദ്ധാനന്തര പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ‘കോയലിഷന്‍ ഓഫ് ദ വില്ലിങ്’ യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തും.




Feedback and suggestions