19, August, 2026
Updated on 19, August, 2026 53
തിരുവനന്തപുരം : അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾക്കും ചലച്ചിത്ര അക്കാദമിയ്ക്കും രൂപം നൽകിയ ഫിലിം സൊസൈറ്റികൾക്കുള്ള ഗ്രാൻ്റ് സാംസ്കാരിക വകുപ്പ് ഇനിമുതൽ ചലച്ചിത്ര അക്കാദമി വഴിയായിരിക്കും വിതരണം ചെയ്യുകയെന്ന് മന്ത്രി പി .സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു . ഫിൽക്ക ഫിലിം സൊസൈറ്റിയും അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസും ചേർന്ന് സംഘടിപ്പിച്ച , ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമിയും ഐ .എഫ് .എഫ് കെ യും സംബന്ധിച്ച മാർഗ്ഗദർശനം അടൂർ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ ഭൂപടത്തിൽ ഇതുവരെ ഐ. എഫ്. എഫ് . കെ വന്നിട്ടില്ലെന്നും അന്താരാഷ്ട്ര തലത്തിൽ പരിചയമുള്ള ഫിലിം മേക്കേഴ്‌സിനെയും ലോക ക്ലാസിക് സിനിമ അറിയാവുന്നവരെയുമാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും വൈസ് ചെയർമാനും ആക്കേണ്ടതെന്നും അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.ചിത്രാഞ്ജലി നവീകരണവും തിയേറ്റർ നവീകരണവും നിയമപരമായി പ്രതിസന്ധിയിലാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടുന്ന തുക കിഫ്ബിയ്ക്ക് കൊടുക്കേണ്ട ദുരവസ്ഥയാണ്. അടൂർ ഗോപാലകൃഷ്ണൻ്റെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും അടുത്ത വർഷം മുതൽ അവ യാഥാർഥ്യമാക്കാൻ പറ്റുമെന്നും മന്ത്രി പറഞ്ഞു.സത്യജിത് റായിയുടെ പഥേർ പാഞ്ജലി സിനിമ ആസ്പദമാക്കി സാബു ശങ്കർ രചിച്ച തിരക്കഥയുടെ 15 -)0 പതിപ്പ് മന്ത്രി , നോവലിസ്റ്റ് ഗിരിജ സേതുനാഥിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ചലച്ചിത്ര മേളകൾ വാർത്താ വിതരണം നടത്തുന്ന , ദേശീയ ശബ്ദം, കേരളാസ് ടുഡേ , കേരള പീഡിയ , ന്യൂസ് സീറോ ഫൈവ് , റിയൽ ടൈം കേരള , രാഷ്ട്ര വാദി ന്യൂസ്, കലാകൗമുദി , സൗത്ത് എക്സ്പ്രസ് ഡെയിലി, ഐ മീഡിയ, സ്പാർക്ക് മീഡിയ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾക്ക് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.നടൻ പ്രേംകുമാർ , മീര സാഹിബ്, വിജയകൃഷ്ണൻ , സാബു ശങ്കർ, ചെറിയാൻ ജോസഫ്, പ്രകാശ് ശ്രീധർ, ഡോ. ബി. രാധാകൃഷ്ണൻ, പ്രൊഫ. കുസുമം ജോസഫ്, ബീന നായർ തുടങ്ങിയവർ പ്രസംഗിച്ചു.