എനിക്ക് അദ്ദേഹത്തെ മനസിലാകും, അദ്ദേഹത്തിന് എന്നെയും”: കിം ജോംഗ് ഉന്നുമായുള്ള ബന്ധത്തെക്കുറിച്ച് ട്രംപ്


18, August, 2026
Updated on 18, August, 2026 47


വാഷിംഗടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മുമായുള്ള തന്റെ ബന്ധം മേഖലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ആദ്യ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ കിമ്മുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്ന ട്രംപ്, ഇത്തവണ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ കിം തന്റെ സമീപകാല ആശയവിനിമയ ശ്രമങ്ങള്‍ക്ക് പ്രതികരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.


കിമ്മുമായി സംസാരിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രതികരണമുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്നായിരുന്നു ട്രംപിന്റെ മറുപടി. അദ്ദേഹം പ്രതികരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ആശയവിനിമയം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും അത് വളരെ പോസിറ്റീവാണെന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നു. അദ്ദേഹത്തിന് എന്നെയും മനസ്സിലാകും, എന്നാണ് ട്രംപ് കിമ്മുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.


അതേസമയം, ഉത്തരകൊറിയന്‍ നേതാവിനെ പ്രശംസിച്ച ട്രംപ് ദക്ഷിണ കൊറിയക്കെതിരെ വിമര്‍ശനവും ഉന്നയിച്ചു. ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ യുദ്ധത്തില്‍ ദക്ഷിണ കൊറിയ സഹായിക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ദക്ഷിണ കൊറിയയുമായുള്ള സൈനിക അഭ്യാസങ്ങള്‍ കുറയ്ക്കാന്‍ പെന്റഗണിനോട് നിര്‍ദേശിച്ചത്. ദക്ഷിണ കൊറിയയെ കിം ജോങ് ഉന്നില്‍ നിന്ന് സംരക്ഷിക്കാന്‍ ഏകദേശം 39,000 അമേരിക്കന്‍ സൈനികര്‍ അവിടെയുണ്ടെന്നും, എന്നാല്‍ ഇറാനിലെ ”വളരെ എളുപ്പമുള്ള സൈനിക നീക്കത്തില്‍” സഹായിക്കാന്‍ ദക്ഷിണ കൊറിയ തയ്യാറാകാത്തത് വിചിത്രമാണെന്നും ട്രംപ് പറഞ്ഞു.




Feedback and suggestions