ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ


17, August, 2026
Updated on 17, August, 2026 4


ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഗാസയിൽ ബന്ദിയാക്കപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത റോം ബ്രാസ്‌ലാവ്‌സ്കിയുടെ പോഡ്‌കാസ്റ്റിൽ അതിഥിയായി സംസാരിക്കവെയാണ് ബെൻ ഗ്വിർ ഈ വിവാദ പ്രസ്താവന നടത്തിയത്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് ഇസ്രയേൽ കരകയറുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ഗാസയിലെ സൈനിക ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള തീരുമാനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.




താഴെത്തട്ടിലുള്ള സൈനിക നടപടികളുടെ കാര്യത്തിൽ തനിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കടുത്ത അഭിപ്രായവ്യത്യാസമുണ്ടെന്നത് ഒരു രഹസ്യമല്ലെന്ന് ബെൻ ഗ്വിർ തുറന്നടിച്ചു. ഗാസയിൽ ആസൂത്രിതമായ കൊലപാതകങ്ങളാണ് നടപ്പാക്കേണ്ടതെന്നും ഓരോ രാത്രിയും മുപ്പതോ നാല്പതോ ആളുകളെ വീതം ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം വാദിച്ചു. നിലവിൽ അടിയന്തിര ഭീഷണി ഉയർത്താൻ സാധ്യതയുള്ളവരെ മാത്രമല്ല ലക്ഷ്യമിടേണ്ടതെന്നും ജീവിക്കാൻ അർഹതയില്ലാത്ത നിരവധിയാളുകൾ അവിടെയുണ്ടെന്നും പറഞ്ഞ ബെൻ ഗ്വിർ, അവരെ ജീവിക്കാൻ അനുവദിക്കരുതെന്നും അവർ മനുഷ്യർ പോലുമല്ലെന്നും അധിക്ഷേപിക്കുകയുണ്ടായി.




പലസ്തീനികളെ ഗാസയിൽ നിന്ന് കൂട്ടത്തോടെ നാടുകടത്തണമെന്നും ഗാസ മുനമ്പ് പൂർണ്ണമായി പിടിച്ചെടുത്ത് ജൂത കുടിയേറ്റ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഇതേ അഭിമുഖത്തിൽ ബെൻ ഗ്വിർ ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളെ മറ്റു രാജ്യങ്ങളിലേക്ക് പരമാവധി പറഞ്ഞുവിടണമെന്നും പ്രതിരോധിക്കുന്നവരെ ഒന്നൊന്നായി വധിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഹ്വാനം വംശീയ ഉന്മൂലനത്തിന് തുല്യമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേലിലെ ജയിൽ സംവിധാനങ്ങളുടെയും പൊലീസിന്റെയും ചുമതലയുള്ള മന്ത്രി കൂടിയായ ബെൻ ഗ്വിർ, തടവിലുള്ള പലസ്തീൻ തടവുകാരുടെ ഭക്ഷണ വിഹിതം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള നടപടികളിലൂടെ നേരത്തെയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.




സമാനമായ വംശീയവും പ്രകോപനപരവുമായ പ്രസ്താവനകൾ ബെൻ ഗ്വിറിന്റെയും മറ്റ് ചില ഇസ്രയേലി ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന് തെളിയിക്കുന്നതിനായി ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രധാനമായും ഉയർത്തിക്കാട്ടിയത് ഇത്തരം വിദ്വേഷ പ്രസ്താവനകളായിരുന്നു. ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണങ്ങളെ ഇസ്രയേൽ ഔദ്യോഗിക തലത്തിൽ ശക്തമായി തള്ളിക്കളയുമ്പോഴും, ഭരണമുന്നണിയിലെ ഉന്നതനായ ഒരു മന്ത്രി തന്നെ മനുഷ്യത്വവിരുദ്ധമായ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയത് ഇസ്രയേലിനെ ആഗോളതലത്തിൽ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.






Feedback and suggestions