ഇടുക്കിയിൽ വീണ്ടും ദുരിതയാത്ര: ഇടമലക്കുടിയിൽ രോഗിയെ നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു


13, August, 2026
Updated on 13, August, 2026 45


ഇടുക്കി: അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്ന വനംവകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇടമലക്കുടിയിലെ ആദിവാസി ജനവിഭാഗങ്ങൾ. പനി ബാധിച്ച് അവശനിലയിലായ എഴുപത്തഞ്ചുകാരൻ മാലയപ്പനെ നാല് കിലോമീറ്ററിലധികം ദൂരം കാട്ടിലൂടെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കൂടലാർക്കുടിയിൽ നിന്ന് മാങ്കുളം വഴി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാൻ മണിക്കൂറുകളോളം കാട്ടുപാതയിലൂടെ നടക്കേണ്ടി വന്നു.

പ്രദേശത്ത് സഞ്ചാരയോഗ്യമായ റോഡ് നിർമ്മിക്കണമെന്ന ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യത്തിന് വനംവകുപ്പിന്റെ നിഷേധാത്മക നിലപാടാണ് തടസ്സമാകുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വഴിവെട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും വനംവകുപ്പ് അന്തിമാനുമതി നിഷേധിക്കുകയായിരുന്നു. നിലവിൽ രാജമല–പെട്ടിമുടി വഴി ഇഡലിപ്പാറക്കുടിയിലേക്കുള്ള പാത ലഭ്യമാണെങ്കിലും കൂടലാർക്കുടിക്കാർക്ക് അവിടെയെത്താൻ പത്ത് കിലോമീറ്ററിലധികം കാട്ടുപാതയിലൂടെ സഞ്ചരിക്കണം.

ഏറ്റവും അടുത്തുള്ള ആനക്കുളത്തേക്ക് എത്തുവാൻ നാല് കിലോമീറ്ററിലധികം കാട്ടുപാത മാത്രമാണ് ആശ്രയം. കടുത്ത ആരോഗ്യപ്രതിസന്ധി നേരിടുന്ന രോഗികളെയും ഗർഭിണികളെയും ചുമന്നുമാത്രമേ ആശുപത്രിയിൽ എത്തിക്കാനാവൂ. കഴിഞ്ഞ വർഷവും സമാനരീതിയിൽ പനി ബാധിച്ച കുട്ടിയെ രാത്രിയിൽ കാട്ടിലൂടെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുമേൽ വനംവകുപ്പ് നിരന്തരം തടസ്സം നിൽക്കുന്നതിൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും ആദിവാസി ഊരുകളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ വനംവകുപ്പ് തയ്യാറാകുന്നില്ല. എത്രയും വേഗം സഞ്ചാരയോഗ്യമായ പാത അനുവദിക്കണമെന്ന് കൂടലാർക്കുടിയിലെ ജനങ്ങൾ ആവശ്യപ്പെട്ടു.




Feedback and suggestions