12, August, 2026
Updated on 12, August, 2026 4
തീവ്രമായ സാമ്പത്തിക വിരോധം ആളിക്കത്തിച്ചും അധീശത്വത്തിന്റെ സൈനിക ഭീഷണി മുഴക്കിയും ഇറാനെതിരായ ആക്രമണത്തിന് കളമൊരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സാമ്പത്തികമായി തകർക്കുമെന്നും ആവശ്യമെങ്കിൽ ക്രൂരമായ സൈനിക നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തി.
സാമ്രാജ്യത്വത്തിന്റെ പരമ്പരാഗത യുദ്ധക്കൊതി വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സാമ്പത്തിക ഉപരോധത്തിലൂടെ രാജ്യത്തിന്റെ തനിമ തകർക്കുകയോ നേരെ സൈനിക അധിനിവേശം നടത്തുകയോ ചെയ്യുമെന്ന കടുത്ത നിലപാടിലാണ് യുഎസ്. നയതന്ത്ര തലത്തിലുള്ള ചർച്ചകളെപ്പോലും 'വഞ്ചനാപരം' എന്ന് മുദ്രകുത്തി തള്ളിക്കളയുന്ന അമേരിക്കൻ ഭരണകൂടം, അന്താരാഷ്ട്ര സമാധാന നീക്കങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
അതേസമയം, അമേരിക്കൻ സേനയുടെ യുദ്ധശേഖരം കുറഞ്ഞതിന് മുൻ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തി സ്വന്തം ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്. മധ്യപൂർവേഷ്യയെ വീണ്ടും ഒരു യുദ്ധമുഖത്തേക്ക് തള്ളിവിടുന്ന അമേരിക്കയുടെ ഈ സാമ്രാജ്യത്വ കടന്നുകയറ്റ ശ്രമങ്ങൾ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്കയുയരുന്നു.