മാധ്യമതലപ്പത്ത് ക്രിമിനൽ പശ്ചാത്തലമുള്ളവർ വരുന്നത് അപകടകരം; മെസ്സി വിവാദത്തിൽ സമഗ്ര അന്വേഷണം വേണം: രാജീവ് ചന്ദ്രശേഖർ


12, August, 2026
Updated on 12, August, 2026 4


തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ നാലാം തൂണും കാവൽക്കാരുമാകേണ്ട മാധ്യമങ്ങളുടെ തലപ്പത്ത് ഗുരുതരമായ കേസുകളിൽപ്പെട്ടവർ എത്തുമ്പോൾ മാധ്യമരംഗത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. റിപ്പോർട്ടർ ചാനൽ ഉടമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക, നടപടിക്രമപരമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കണം. കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുട്ടിൽ മരംമുറിക്കേസ്: കേസിലെ നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്. ആരോപണവിധേയനായ ഒരാൾ മാധ്യമസ്ഥാപനത്തിന്റെ നിയന്ത്രണം കൈയാളുമ്പോൾ സ്ഥാപനത്തിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടും.ഒഴിഞ്ഞുമാറാനാകില്ല: റിപ്പോർട്ടർ ടിവിയും ഉടമകളും തങ്ങൾക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ പറ്റിക്കുന്നത് മാധ്യമപ്രവർത്തനമല്ല.സുതാര്യത അനിവാര്യം: മാധ്യമ സ്വാതന്ത്ര്യം എന്നാൽ നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ല. ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും മാധ്യമമേഖലയിൽ ഉണ്ടാകരുത്; ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരണം.ദേശീയ സുരക്ഷ: കേരളത്തിലെ മാധ്യമങ്ങൾ രാഷ്ട്രീയ-പണ താൽപര്യങ്ങൾക്കുള്ള ഉപകരണമാകരുത്. രാജ്യവിരുദ്ധ ശക്തികൾ മാധ്യമങ്ങളിൽ പിടിമുറുക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്.മാധ്യമ സ്ഥാപനത്തിന്റെ മറവിൽ ആരെയും നിയമത്തിന് മുകളിൽ നിൽക്കാൻ അനുവദിക്കരുത്. അർജന്റീന ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും മറ്റ് ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


 




 


 

  






Feedback and suggestions