11, August, 2026
Updated on 11, August, 2026 9
ടെഹ്റാൻ: നിലവിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാൻ സായുധ സേനയുടെ നിർണായക സ്ഥാനങ്ങളിൽ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് കൂടിയായ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമേനിയാണ് ആറ് മുതിർന്ന സൈനിക മേധാവികളെ നിയമിച്ച് ഉത്തരവിറക്കിയത്. ടെലഗ്രാം വഴിയാണ് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി), ബസിജ് അർദ്ധസൈനിക വിഭാഗം എന്നിവയിലാണ് പ്രധാന അഴിച്ചുപണികൾ നടത്തിയിരിക്കുന്നത്.
പ്രധാന നിയമനങ്ങൾ:
സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ്: മേജർ ജനറൽ അലി അബ്ദുള്ളാഹി
ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്: ബ്രിഗേഡിയർ ജനറൽ കിയോമാർസ് ഹൈദരി
ഐ.ആർ.ജി.സി കമാൻഡർ-ഇൻ-ചീഫ്: മേജർ ജനറൽ അഹമ്മദ് വാഹിദി
ഐ.ആർ.ജി.സി ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ്: മൊസ്തഫ ഇസാദി
ഐ.ആർ.ജി.സി നാവികസേനാ മേധാവി: റിയർ അഡ്മിറൽ അലി ഒസ്മായി
ബസിജ് അർദ്ധസൈനിക വിഭാഗം തലവൻ: ഹുസൈൻ തയേബ് (മുൻ ഐ.ആർ.ജി.സി ഇന്റലിജൻസ് മേധാവി)
മേജർ ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയാണ് അഹമ്മദ് വാഹിദിയെ ഐ.ആർ.ജി.സിയുടെ പരമോന്നത കമാൻഡറായി നിയമിച്ചിരിക്കുന്നത്. രാജ്യത്തെ സൈനിക-പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിൽ ഈ മാറ്റങ്ങൾ നിർണായകമാകും.