വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ


9, August, 2026
Updated on 9, August, 2026 2


കണ്ണൂർ ∙ ദിവസങ്ങളായി കേരള പൊലീസ് തേടുന്ന അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അർജുനെ പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികൾ.അർജുൻ ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന‌ാണ് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്.അർജുനെ ചോദ്യം ചെയ്യുമ്പോൾ ഒളിയിടം ഒരുക്കിയവർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലായേക്കും. നേരത്തേ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് പിടിയിൽ അകപ്പെടാതെ അർജുന് രക്ഷപ്പെടാൻ അവസരമൊരുക്കിയ അഞ്ച് സുഹൃത്തുക്കളെ എടപ്പാളിൽനിന്നും പൊലീസ് പിടികൂടിയിരുന്നു. തൃശൂരിലും അർജുൻ ആയങ്കി എത്തിയെന്ന് കരുതി വ്യാപകമായി പൊലീസ് പരിശോധന നടത്തിയിരുന്നു.പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ’ എന്ന് പൊലീസിനെ വെല്ലുവിളിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അർജുൻ ആയങ്കി രംഗത്തുവന്നത്. ക്രിമിനൽ കേസുകളിലെ പ്രതി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചത് ഏറെ ചർച്ചയായി. ഇതേതുടർന്ന് ‘ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിക്കോളൂ’ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതോടെ അർജുൻ ആയങ്കിയെ പിടികൂടുന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്നമായി മാറുകയായിരുന്നു.




Feedback and suggestions