ഗാന്ധിനഗർ: ഗുജറാത്തിലെ മോർബി ജില്ലയിലുള്ള വീർപർദ ഗ്രാമത്തിൽ കിണറിൽ അസാധാരണമായി വെള്ളം ഓളംവെട്ടുന്നു. കടലിലെ തിരയിളക്കത്തിന് സമാനമായ രീതിയിൽ കിണറ്റിലെ ജലം ചലിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. അഞ്ചുദിവസമായി ഇത്തരത്തിൽ ജലം അസാധാരണമായി ചലിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പിനോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.വെള്ളം ഇത്തരത്തിൽ ചലിക്കുന്നതിന്റെ യഥാർത്ഥ കാരണം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. മോർബി പ്രദേശം ഭൂകമ്പ സാധ്യതയുള്ള മേഖലയായതിനാൽ, ഈ പ്രതിഭാസത്തിന് ഭൗമശാസ്ത്രപരമായ കാരണങ്ങൾ ഉണ്ടാകാമെന്ന് ചില പ്രദേശവാസികൾ കരുതുന്നു. എങ്കിലും, ഈ സംഭവത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. വെള്ളത്തിന്റെ അസാധാരണമായ ഈ ചലനത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്താൻ വിദഗ്ധരുടെ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.