യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ; ബിൽ പാസാക്കി ലോക്സഭ


6, August, 2026
Updated on 6, August, 2026 6



ന്യൂഡൽഹി : രാജ്യത്ത് വൻ പ്രചാരം നേടിയ യു.പി.ഐ ഡിജിറ്റൽ പേയ്‌മെന്റുകൾക്കും മറ്റ് ഇലക്ട്രോണിക് പണമിടപാടുകൾക്കും ഫീസ് ഈടാക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന നിർണായക നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിച്ച 'ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബില്ലിന്റെ' ഭാഗമായി, 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലാണ് ഭേദഗതി വരുത്തിയത്. 2020 മുതൽ നിലവിലുള്ള സമ്പൂർണ്ണ സൗജന്യ സേവന രീതി (Zero-MDR) സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിൽ, ആവശ്യമായ ഘട്ടങ്ങളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും അനുമതി നൽകാനുള്ള നിയമപരമായ അധികാരം ഇനി സർക്കാരിനുണ്ടായിരിക്കും.


പുതിയ നിയമം പ്രാബല്യത്തിൽ വന്നാലും സാധാരണക്കാരായ ഉപയോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും ഇത് ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും (P2P), തട്ടുകടകൾ, പലചരക്ക് കടകൾ, പച്ചക്കറി വ്യാപാരികൾ, ഓട്ടോ നിരക്കുകൾ തുടങ്ങിയ ദൈനംദിന യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമായി തന്നെ തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകൾക്കും, വൻകിട വാണിജ്യ സ്ഥാപനങ്ങൾക്കും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും നൽകുന്ന തുകയ്ക്കുമേൽ മാത്രമായിരിക്കും 0.25 ശതമാനം മുതൽ 0.4 ശതമാനം വരെയുള്ള കമ്മീഷൻ (MDR) ഈടാക്കാൻ സർക്കാർ ആലോചിക്കുന്നത്. രാജ്യത്തെ മൊത്തം യു.പി.ഐ ഇടപാടുകളുടെ 95 ശതമാനവും സൗജന്യ പരിധിയിൽ തന്നെയായിരിക്കും നിലനിൽക്കുക.


ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സാങ്കേതിക വികസനത്തിനും സൈബർ സുരക്ഷയ്ക്കുമായി വൻ തുക ചെലവഴിക്കുന്ന ബാങ്കുകൾക്കും പേയ്‌മെന്റ് കമ്പനികൾക്കും ഈ നിയമം വലിയ ആശ്വാസമാണ് നൽകുന്നത്. ഫീസ് ഈടാക്കാൻ അനുമതിയില്ലാതിരുന്നത് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ ഫിൻടെക് ആപ്പുകൾക്കും സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു. വൻകിട വ്യാപാരികളിൽ നിന്ന് മാത്രം ചെറിയ തോതിൽ തുക ഈടാക്കുന്നതിലൂടെ പേയ്‌മെന്റ് പ്രോസസറുകൾക്ക് കൃത്യമായ വരുമാനം ലഭിക്കുകയും, അത് വഴി കൂടുതൽ സുരക്ഷിതവും അത്യാധുനികവുമായ ഡിജിറ്റൽ സാങ്കേതികവിദ്യ രാജ്യത്ത് നടപ്പിലാക്കാൻ സാധിക്കുകയും ചെയ്യും.




Feedback and suggestions