കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും


5, August, 2026
Updated on 5, August, 2026 3



ഗാന്ധിനഗർ : സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോവിൽ വിജയകരമായി പൂർത്തിയായ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക പതാക ഇന്ത്യയിലെത്തിച്ചതോടെ, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഗുജറാത്തിൽ ആഘോഷപൂർവ്വമായ തയ്യാറെടുപ്പുകൾക്ക് തുടക്കമായി. ഗ്ലാസ്ഗോവിൽ നടന്ന സമാപനച്ചടങ്ങിൽ നിന്ന് ഏറ്റുവാങ്ങിയ പതാക, ഗുജറാത്ത് ഉപമുഖ്യമന്ത്രിയും കായികമന്ത്രിയുമായ ഹർഷ് സംഘവി ഗാന്ധിനഗറിലെ കാബിനറ്റ് യോഗത്തിൽ വെച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് ഔദ്യോഗികമായി കൈമാറി. 2030 ഒക്ടോബറിൽ അഹമ്മദാബാദിൽ നടക്കുന്ന മാമാങ്കം വരെ ഈ പതാക ഗുജറാത്തിൽ സൂക്ഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഫിറ്റ് ഇന്ത്യ' ദർശനത്തിനും ലഹരിവിരുദ്ധ പ്രചാരണങ്ങൾക്കും ഊർജ്ജം പകരുന്നതിനൊപ്പം, രാജ്യത്തെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമായി ഈ പതാക നിലകൊള്ളുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വ്യക്തമാക്കി. 


ഗ്ലാസ്ഗോ സമാപനച്ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര എന്നിവർക്കൊപ്പമാണ് ഹർഷ് സംഘവി ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച് പതാക ഏറ്റുവാങ്ങിയത്. ഗാന്ധിനഗറിലെ കാബിനറ്റ് യോഗത്തിൽ നടന്ന ചടങ്ങിൽ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുജറാത്തിലെ പാര-അത്‌ലറ്റുകളായ രാകേഷ് ഭട്ട്, രോഹിത് മജ്ഗുൽ, പാര ടേബിൾ ടെന്നീസ് താരം സോണൽ പട്ടേൽ തുടങ്ങിയ കായികതാരങ്ങളും ചീഫ് സെക്രട്ടറി എം.കെ. ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്ലാസ്ഗോവിൽ 13 സ്വർണ്ണവും 17 വെള്ളിയും 9 വെങ്കലവും അടക്കം 39 മെഡലുകൾ നേടി നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ സംഘത്തിലെ പാര-അത്‌ലറ്റുകൾ 20 വർഷത്തിന് ശേഷമാണ് അത്‌ലറ്റിക്സിൽ മെഡൽ നേട്ടം സ്വന്തമാക്കിയതെന്നതും സവിശേഷതയാണ്. 


2010-ലെ ഡൽഹി ഗെയിംസിന് ശേഷം ഇന്ത്യ വീണ്ടും ആതിഥ്യമരുളുന്ന കോമൺവെൽത്ത് ഗെയിംസാണ് 2030-ൽ അഹമ്മദാബാദിൽ അരങ്ങേറാൻ പോകുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, സർദാർ വല്ലഭ്ഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവ്, നാരൻപുര സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവ കേന്ദ്രീകരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. കായികതാരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഇതുവരെ കാണാത്തത്ര ഗാംഭീര്യത്തോടെയും മികവോടെയും 2030 ഗെയിംസ് സംഘടിപ്പിക്കാനാണ് ഗുജറാത്ത് സർക്കാർ ലക്ഷ്യമിടുന്നത്. കോമൺവെൽത്ത് സ്‌പോർട്‌സ്, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വരുംവർഷങ്ങളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ വികസന നടപടികളിലേക്ക് രാജ്യം കടക്കും.




Feedback and suggestions