5, August, 2026
Updated on 5, August, 2026 5
അബുദാബി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദുബായിൽ വൻ സ്ഫോടന പരമ്പര. ദുബായിലെ തന്ത്രപ്രധാന വ്യാപാര-വ്യവസായ മേഖലയായ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലാണ് കേവലം 20 മിനിറ്റിനുള്ളിൽ ഏഴോളം ശക്തിയേറിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ഫോടനങ്ങൾക്ക് പിന്നാലെ ജബൽ അലി തുറമുഖത്തിനും സംഭരണശാലകൾക്കും സമീപം കൂറ്റൻ തീഗോളങ്ങളും കറുത്ത പുകപടലങ്ങളും ഉയർന്നത് സമീപ പ്രദേശവാസികളിലും അൽ ഫുർജാൻ മേഖലയിലുള്ളവരിലും വലിയ ഭീതി സൃഷ്ടിച്ചു. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനങ്ങളിൽ സമീപ കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടതായി ദൃക്സാക്ഷികളും വിവിധ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും വ്യക്തമാക്കുന്നു.സംഭവസ്ഥലത്തേക്ക് സിവിൽ ഡിഫൻസ് സംഘങ്ങളും പൊലീസ് സേനയും ഉടനടി കുതിച്ചെത്തി സുരക്ഷാ വലയം തീർക്കുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള അടിയന്തര നടപടികൾ ആരംഭിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കൃത്യമായ കാരണങ്ങളോ ആളപായമോ ഔദ്യോഗികമായി യുഎഇ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടെ, സ്ഫോടന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് രണ്ടുപേരെ യുഎഇ അധികൃതർ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക വാർത്താ ഏജൻസികൾ അറിയിച്ചു. 11,000-ത്തിലധികം അന്താരാഷ്ട്ര കമ്പനികളും ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തുറമുഖവും അടങ്ങുന്ന ജബൽ അലിയിലെ ഈ സ്ഫോടനങ്ങൾ ആഗോള വ്യാപാര മേഖലയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും യുഎസ്-ഇറാൻ സൈനിക തിരിച്ചടികളും മേഖലയിൽ രൂക്ഷമായിരിക്കെയാണ് ദുബായിലെ പുതിയ സംഭവവികാസങ്ങൾ. സഖ്യരാജ്യങ്ങൾക്ക് നേരെ ഉണ്ടായേക്കാവുന്ന പ്രാദേശിക ഭീഷണികൾ കണക്കിലെടുത്ത് യുഎഇ നേരത്തെ തന്നെ സുരക്ഷ കടുപ്പിച്ചിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളടക്കം വസിക്കുന്ന ദുബായ് നഗരമധ്യത്തിന് സമീപമുണ്ടായ സ്ഫോടനങ്ങൾ ഭൗമരാഷ്ട്രീയ ഉൽക്കണ്ഠ വർധിപ്പിച്ചിരിക്കുകയാണ്.