ചൈനയുടെ പരോക്ഷമായ പിന്തുണയോടെ ഇറാൻ അമേരിക്കയ്ക്ക് എതിരെയുള്ള ഒരു പ്രോക്സി മുൻനിരയായി പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ വീണ്ടും ശക്തമാകുന്നു. എന്നാൽ ഇറാൻ ചൈനയുടെ കേവലം ഒരു പ്രോക്സി മുൻനിരയല്ലെന്നും, മറിച്ച് സ്വന്തം പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ ലക്ഷ്യങ്ങളുള്ള ഒരു സ്വതന്ത്ര പ്രാദേശിക ശക്തിയാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.അതേസമയം, സാമ്പത്തിക ഇടപാടുകൾക്കൊപ്പം ഇറാനുമായി ചൈന സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുന്ന ഈ പുതിയ സംഭവവികാസങ്ങൾ മിഡിൽ ഈസ്റ്റിലെ ശക്തിസമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്നതാണ്.ഇതിന്റെ ഭാഗമായി ചൈനയിൽ നിന്ന് 60-70 ദശലക്ഷം ഡോളർ വിലമതിക്കുന്ന 400 ചൈനീസ് നിർമ്മിത തോൾ-ഫയേർഡ് എയർ ഡിഫൻസ് സിസ്റ്റങ്ങൾ (MANPADS) അഥവാ റോക്കറ്റ് ലോഞ്ചറുകൾ ഇറാനിലേക്ക് അയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയുമായുള്ള ഈ പുതിയ സൈനിക സഹകരണം ഇറാനിലെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ കരുത്ത് പകരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ വെല്ലുവിളിയാകുന്ന രീതിയിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇറാനെ സഹായിക്കുന്ന ഈ ആയുധക്കൈമാറ്റം അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സ്വന്തം തന്ത്രപരമായ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ വൻശക്തികളുടെ പിന്തുണയോടെ പ്രാദേശിക സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ മത്സരങ്ങൾക്കിടയിൽ മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ വർദ്ധിപ്പിക്കുന്നതാണ് ഈ പുതിയ സൈനിക കരാർ. ലോകരാഷ്ട്രങ്ങൾ ഏറെ ഉത്കണ്ഠയോടെ വീക്ഷിക്കുന്ന ഈ നീക്കം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തുമെന്നുറപ്പാണ്.