29, July, 2026
Updated on 29, July, 2026 2
വിദേശത്ത ഇരുന്ന് രാജ്യവിരുദ്ധ ശക്തികൾക്ക് സാമ്പത്തിക സഹായം നൽകുകയും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന ഗുരുതര ആരോപണത്തിൽ പ്രവാസി മലയാളി വ്യവസായിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. മലപ്പുറം കവളപ്പൊയ്ക സ്വദേശി അജി തോമസാണ് വ്യവസായിയും വിവിധ പ്രമുഖ കമ്പനികളുടെ ഡയറക്ടറുമായ മുഹമ്മദ് ഷാജി മടത്തിലിനെതിരെ (DIN: 07743121) അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയത്. എൻഐഎ (NIA), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO), ഇന്റലിജൻസ് ബ്യൂറോ (IB) എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
വിദേശത്ത് താമസിക്കുന്ന ഷാജി മടത്തിൽ ഇന്ത്യയിലെ ക്രമസമാധാന നില തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരങ്ങളിൽ പങ്കെടുക്കാൻ ആളുകളെ എത്തിച്ചതിനും ഇവർക്ക് താമസ സൗകര്യം ഒരുക്കിയതിനും പിന്നിൽ ഇയാളുടെ വൻ സാമ്പത്തിക ഇടപെടലുകളുണ്ടെന്നാണ് പ്രധാന ആരോപണം. കൂടാതെ, ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന "ഇസ്ലാമിക്/ശരീഅത്ത് ബാങ്ക് ഓസ്‌ട്രേലിയ - AMUST" എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ഇയാളെന്നും, ഇതിലൂടെ സ്വരൂപിക്കുന്ന തുക ഇന്ത്യയിലെ അട്ടിമറി പ്രവർത്തനങ്ങൾക്കായി തിരിച്ചുവിടുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.