27, July, 2026
Updated on 27, July, 2026 3
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന കരാറിലെത്തുന്നതിനും പുതിയ കർശന ഉപാധിയുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ലെബനന് നേരെ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണങ്ങൾ പൂർണ്ണമായും ഉപാധികളില്ലാതെയും അവസാനിപ്പിച്ചാൽ മാത്രമേ വാഷിംഗ്ടണുമായി യാതൊരുവിധ സമാധാന കരാറിനും തയ്യാറാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ലെബനന്റെ ഭൂപ്രദേശങ്ങളുടെ പരമാധികാരം സംരക്ഷിക്കേണ്ടത് തങ്ങളുടെ പ്രധാന നയമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.
ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറൽ ശൈഖ് നയിം കാസിമും മറ്റു പോരാളികളും അയച്ച കത്തിന് മറുപടിയായാണ് മൊജ്തബ ഖമേനി ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുള്ള പോരാളികളെ സംരക്ഷിക്കുന്നത് തങ്ങളുടെ തന്ത്രപ്രധാനമായ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ക്രൂരതകൾക്കെതിരെ പ്രതിരോധവും ജിഹാദും മാത്രമാണ് ഒരേയൊരു വഴിയെന്നും ഇറാന്റെ പരമോന്നത നേതാവ് കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ നടക്കുന്ന പോരാട്ടങ്ങളിൽ താത്കാലിക വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നും നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുന്നത്. ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ഇസ്രായേൽ അവസാനിപ്പിക്കാതെ അമേരിക്കയുമായി വിപുലമായ കരാറുകളിൽ ഒപ്പുവെക്കില്ലെന്നാണ് ടെഹ്‌റാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതും ഹിസ്ബുള്ളയുടെ സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മൊജ്തബ ഖമേനി ചൂണ്ടിക്കാണിച്ചു.