27, July, 2026
Updated on 27, July, 2026 5
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മാനിർഭർ ഭാരത്' കാഴ്ചപ്പാടിലൂടെ പ്രതിരോധ ഉൽപ്പാദന രംഗത്ത് ലോകരാജ്യങ്ങളെപ്പോലും ഞെട്ടിക്കുന്ന വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയാണ് ഉത്തർപ്രദേശ്. ഒരു കാലത്ത് ക്രമസമാധാന തകർച്ചയും ഗുണ്ടാരാജും കൊണ്ട് മാത്രം വാർത്തകളിൽ നിറഞ്ഞിരുന്ന സംസ്ഥാനം, ഇന്ന് യോഗി ആദിത്യനാഥ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് കീഴിൽ ഭാരതത്തിന്റെ സൈനിക ശക്തിയുടെ നട്ടെല്ലായി മാറുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായ ശക്തമായ ഭാരതം കെട്ടിപ്പടുക്കുക എന്ന ദേശീയ ദൗത്യത്തിൽ നിർണ്ണായക പങ്കാണ് ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴി (UP Defence Industrial Corridor) വഹിക്കുന്നത്. ലഖ്‌നൗവിലെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ നിർമ്മാണ യൂണിറ്റ് മുതൽ അലിഗഡിലെ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ വരെ ഉൾക്കൊള്ളുന്നതാണ് ഈ പ്രതിരോധ ശൃംഖല.
ലഖ്‌നൗ, കാൺപൂർ, ഝാൻസി, അലിഗഡ്, ആഗ്ര, ചിത്രകൂട് എന്നീ ആറ് തന്ത്രപ്രധാന കേന്ദ്രങ്ങളെ (Nodes) കോർത്തിണക്കിയാണ് യോഗി സർക്കാർ യുപി ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ വികസിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധ ശേഷി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലേക്ക് ഇതിനകം 39,000 കോടിയിലധികം രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് ഒഴുകിയെത്തിയത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ വെടിമരുന്ന് നിർമ്മാണ സമുച്ചയം (Ammunition Complex) കാൺപൂരിൽ 3,000 കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ അദാനി ഡിഫൻസ് യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ഇതിനുപുറമേ എച്ച്എഎൽ (HAL), ബിഇഎൽ (BEL), ബിഡിഎൽ (BDL) തുടങ്ങിയ പ്രമുഖ ഭാരതീയ പൊതുമേഖലാ സ്ഥാപനങ്ങളും വൻകിട പ്രതിരോധ പദ്ധതികളുമായി മുന്നിലുണ്ട്.